കസ്തൂരിയുടെ അറസ്റ്റിനെതിരെ ബ്രാഹ്മണസഭ, പ്രതികരിക്കാതെ ബിജെപി; ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്യും
Mail This Article
ചെന്നൈ ∙ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ഹൈദരാബാദിൽനിന്ന് അറസ്റ്റു ചെയ്ത നടി കസ്തൂരിയെ ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. റോഡ് മാർഗം ഇവരെ ചൈന്നൈയിലേക്ക് കൊണ്ടുവരികയാണ്. കച്ചിബൗളിയിൽ ഒരു സിനിമാ നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. നടിയുടെ അറസ്റ്റിനെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തി. ബിജെപി പ്രതികരിച്ചിട്ടില്ല.
ഇവർ ആന്ധ്ര, തെലങ്കാന മേഖലയിലേക്കു കടന്നതായി വിവരം ലഭിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘം ഈ മേഖലകളിൽ തിരച്ചിൽ ശക്തമാക്കിയതോടെയാണ് ഇവർ കുടുങ്ങിയത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം.