പാലക്കാട് കലാശക്കൊട്ട്; മണിപ്പുരിൽ കൂടുതൽ സൈനികരെ അയയ്ക്കും– പ്രധാന വാർത്തകൾ
Mail This Article
പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചതും മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇന്ന് പ്രധാന വാർത്തകളിൽ ഇടംപിടിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. മൂന്നു മുന്നണികളുടെ കലാശക്കൊട്ടോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ബിജെപിയുടെയും വമ്പൻ റോഡ് ഷോകൾക്കാണ് ഇന്നു നഗരം സാക്ഷ്യംവഹിച്ചത്.
മണിപ്പുരിൽ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്ര തീരുമാനം. വിവിധ സേനകളിൽ നിന്നായി 5,000 ജവാന്മാരെ കൂടി മണിപ്പുരിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ടിവികെ ധർമപുരി ജില്ലാ പ്രസിഡന്റ് ശിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മുനമ്പം വിഷയത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിലുമായി ചർച്ച നടത്തി. വരാപ്പുഴ ആർച്ച് ബിഷപ് ഹൗസിൽ എത്തിയാണ് ലീഗ് നേതാക്കൾ ബിഷപ്പുമായി ചർച്ച നടത്തിയത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ഖമനയിയുടെ പിൻഗാമി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയാറായി. മൂന്നു പേരുടെ പട്ടികയാണ് തയാറാക്കിയതെന്ന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന വിദഗ്ധ സമിതി (അസംബ്ലി ഓഫ് എക്സ്പേർട്സ്) അറിയിച്ചു.