വായു മലിനീകരണം: ഡൽഹിയിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം
Mail This Article
ന്യൂഡൽഹി∙ വായു മലിനീകരണം ശക്തമായ തോതിലെത്തിയതിനു പിന്നാലെ ഡൽഹിയിലെ സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം നൽകി സർക്കാർ. 10, 12 ക്ലാസുകൾ ഒഴികെ മറ്റെല്ലാ വിദ്യാർഥികൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായി തുടരും.
വായു മലിനീകരണ തോത് വഷളായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികൾ തിങ്കളാഴ്ച മുതൽ നടപ്പിലാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി അറിയിച്ചു. ഗ്രാപ്–4 അനുസരിച്ച് ട്രക്കുകൾ, പൊതു നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും വിലക്കേർപ്പെടുത്തും. അവശ്യസാധനങ്ങൾ എത്തിക്കുന്ന ട്രക്കുകൾക്ക് മാത്രമാകും ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കുക.
ഡൽഹിയുടെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ഗുരുതര നിലയായ 457 ൽ എത്തിയിരുന്നു. ഇതോടെയാണ് ഗ്രാപ്–4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.