‘മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാതെ നിങ്ങൾക്ക് പോകാനാകില്ല’: പാക്ക് കപ്പലിനെ പിന്തുടർന്ന് പിടിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
Mail This Article
മുംബൈ∙ ഗുജറാത്തിന് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ പിന്തുടർന്ന് പിടിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പാക്ക് കപ്പലിനെ മണിക്കൂറുകളോളം ഇന്ത്യൻ തീരസംരക്ഷണ സേന പിന്തുടർന്ന ശേഷം തടഞ്ഞു നിർത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ പിന്നീട് പാക്ക് മാരി ടൈം ഏജൻസിക്ക് മോചിപ്പിക്കേണ്ടി വന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പൽ പിഎംഎസ് നുസ്രത്തിനെയാണ് രണ്ടു മണിക്കൂറോളം പിന്തുടർന്ന് പാക്കിസ്ഥാൻ സമുദ്ര അതിർത്തിക്ക് സമീപത്ത് വച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകാൻ പാക്കിസ്ഥാൻ കപ്പലിനെ അനുവദിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. തുടർന്ന് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറുകയായിരുന്നു. കാൽ ഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. കോസ്റ്റ് ഗാർഡ് കപ്പലായ ഐസിജിഎസ് അഗ്രിം രണ്ടു മണിക്കൂറിലധികമാണ് പാക്കിസ്ഥാൻ കപ്പലിനെ പിന്തുടർന്നത്.
മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവരുടെ മത്സ്യബന്ധന ബോട്ട് കാൽ ഭൈരവ് സംഭവത്തിനിടെ കേടുപാടുകൾ സംഭവിക്കുകയും ഇത് കടലിൽ മുങ്ങിപ്പോയതായും അധികൃതർ വ്യക്തമാക്കി. തിങ്കളഴ്ച ഓഖ തുറമുഖത്തേക്ക് കോസ്റ്റ് ഗാർഡ് കപ്പൽ തിരികെയെത്തിയ ശേഷം മത്സ്യത്തൊഴിലാളികളെ പൊലീസിന് കൈമാറിയിട്ടുണ്ട്.