പാലക്കാട്ട് ആവേശ കൊടുങ്കാറ്റ്; കലാശക്കൊട്ട് കളറാക്കി മുന്നണികൾ; പരസ്യപ്രചാരണം അവസാനിച്ചു
Mail This Article
പാലക്കാട്∙ ഒരു മാസത്തിലേറെ നീണ്ട ആവേശത്തിനൊടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. മൂന്നു മുന്നണികളുടെ കലാശക്കൊട്ടോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ബിജെപിയുടെയും വമ്പൻ റോഡ് ഷോകൾക്കാണ് ഇന്നു നഗരം സാക്ഷ്യംവഹിച്ചത്. അഞ്ചരയോടെ മൂന്നു മുന്നണികളുടെയും റോഡ് ഷോകൾ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേർന്നു. ഇതിന് പിന്നാലെയാണ് പാലക്കാടൻ കോട്ടയെ വിറപ്പിക്കുന്ന കലാശക്കൊട്ട് നടന്നത്. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ പാലക്കാട് വിധിയെഴുതും.
അത്യന്തം നാടകീയമായ മുഹൂർത്തങ്ങൾക്കാണ് കഴിഞ്ഞ ഒരു മാസം പാലക്കാട് സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് വിട്ട പി.സരിൻ അപ്രതീക്ഷിതമായി എൽഡിഎഫ് സ്ഥാനാർഥിയായത് മുതൽ ട്രോളി വിവാദം വരെ ഉപതിരഞ്ഞെടുപ്പിനെ ആവേശത്തിലാക്കി. ഏറ്റവും ഒടുവിൽ ബിജെപി വിട്ട സന്ദീപ് വാരിയർ കോൺഗ്രസിൽ എത്തിയതും പാലക്കാട്ടെ രാഷ്ട്രീയ കാറ്റിനെ ചൂടുപിടിപ്പിച്ചു.
മൂന്നു മുന്നണികളും വിജയപ്രതീക്ഷ പുലർത്തുന്ന പാലക്കാട്ട് അതിശക്തമായ ത്രികോണ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി,സരിൻ, ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ വലിയ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. ഇടയ്ക്ക് വന്ന കൽപ്പാത്തി രഥോൽസവം കൂടി പാലക്കാടൻ ഉപതിരഞ്ഞെടുപ്പിനെ ഇത്തവണ കളറാക്കി മാറ്റിയിരുന്നു.