‘മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല; ബിജെപി സഖ്യകക്ഷികളെ ഇല്ലാതാക്കുന്നു’
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല. സർക്കാർ രൂപീകരിക്കാൻ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല. ബിജെപി നയിക്കുന്ന മഹായുതി സഖ്യം ആഭ്യന്തര പ്രശ്നങ്ങളിൽ വലയുകയാണെന്നും സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ചെന്നിത്തല ആരോപിച്ചു.
കോൺഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം, എൻസിപി ശരദ് പവാർ വിഭാഗം എന്നിവരുൾപ്പെട്ട മഹാവികാസ് അഖാഡി സഖ്യം ഒറ്റക്കെട്ടാണെന്നും തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അഭിപ്രായവ്യത്യാസം ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ മഹായുതി സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ തയാറാകാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ നിന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ വിട്ടുനിന്നു. അമരാവതിയിൽ ബിജെപി നേതാക്കൾക്കിടയിൽ തമ്മിലടിയാണ്. മഹായുതി സഖ്യത്തിലെ ഭിന്നതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘സഖ്യകക്ഷികൾക്കു മത്സരിക്കാൻ സീറ്റുകൾക്കൊപ്പം സ്ഥാനാർഥികളെയും ബിജെപിയാണ് നൽകുന്നത്. സഖ്യകക്ഷികളെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാണ്. ജനങ്ങൾ സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അതിന്റെ ആദ്യ സൂചനയായിരുന്നു. ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് ശക്തമായ തിരിച്ചടി നൽകാൻ ജനം കാത്തിരിക്കുകയാണ്.’’– രമേശ് ചെന്നിത്തല പറഞ്ഞു.