വാസയോഗ്യമല്ലാത്ത നഗരങ്ങൾ, പലായനം, മരണം..: രക്തരൂഷിത യുദ്ധം 1000 ദിനങ്ങൾ പിന്നിടുമ്പോൾ
Mail This Article
ആയിരം ദിനങ്ങൾ... മനുഷ്യചരിത്രത്തിൽ ആയിരം ദിനങ്ങൾ ചെറിയൊരു കാലയളവാണെങ്കിലും യുക്രെയ്ൻ ജനതയെ സംബന്ധിച്ച് ഇതു തീരാദുരിതത്തിന്റെ കാലയളവാണ്. 2022 ഫെബ്രുവരി 24നു പുലർച്ചെ ഒരു പ്രഖ്യാപനത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ യുക്രെയ്നെതിരെ ആരംഭിച്ച പ്രത്യേക സൈനിക നടപടി ഇന്ന് 1000 ദിനങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിനു നിരപരാധികളാണ് ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായി. നഗരങ്ങളും ഗ്രാമങ്ങളും തകർന്നടിഞ്ഞു. സാമ്പത്തിക തകർച്ച, പണപ്പെരുപ്പം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി. ആ നാടിനു മേൽ അത്ര വലിയ പ്രത്യാഘാതങ്ങളാണു യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും രക്തരൂഷിതമായ യുദ്ധമാണിത്.
നാറ്റോ എന്ന പാശ്ചാത്യ സൈനിക സഖ്യത്തിൽ അംഗമാകാനുള്ള യുക്രെയ്നിന്റെ ശ്രമമാണ് റഷ്യയെ ചൊടിപ്പിച്ചത്. യുക്രെയ്നിന്റെ ഈ നീക്കം റഷ്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നു വാദിച്ച പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, നാറ്റോ വ്യാപനം അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ, സ്വതന്ത്ര രാജ്യമെന്ന നിലയിൽ വിദേശനയം സ്വയം തീരുമാനിക്കാനുള്ള അവകാശം യുക്രെയ്ൻ ഉന്നയിച്ചു. ഇതേത്തുടർന്ന് ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന പിരിമുറുക്കങ്ങളും അസ്വാരസ്യങ്ങളുമാണു യുദ്ധത്തിലേക്കു നയിച്ചത്.
ഉയർന്ന മരണനിരക്ക്, കുറഞ്ഞ ജനനനിരക്ക്
ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) യുക്രെയ്നിലെ മനുഷ്യാവകാശ നിരീക്ഷണ ദൗത്യത്തിന്റെ 2024 ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം, 2022 ഫെബ്രുവരി 24 മുതൽ യുക്രെയ്നിൽ കുറഞ്ഞത് 11,743 സാധാരണക്കാർ കൊല്ലപ്പെടുകയും 24,614 പേർക്കു പരുക്കേൽക്കുകയും ചെയ്തു. യുനിസെഫിന്റെ കണക്കുപ്രകാരം യുദ്ധം ആരംഭിച്ചശേഷം 659 കുട്ടികൾ കൊല്ലപ്പെടുകയും 1,747 കുട്ടികൾക്കു പരുക്കേൽക്കുകയും ചെയ്തു. യുദ്ധത്തിനിടെ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടും റഷ്യ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പരിമിതമായതിനാലും യഥാർഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് യുഎന്നും യുക്രെയ്ൻ ഉദ്യോഗസ്ഥരും പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലായ മരിയുപോൾ ഉൾപ്പെടെയുള്ള നഗരങ്ങൾ തകർച്ചയുടെ വക്കിലാണ്. പല നഗരങ്ങളും വാസയോഗ്യമല്ലാതായി.
നേരിട്ടുള്ള ആൾനാശങ്ങൾക്കു പുറമേ, യുദ്ധം യുക്രെയ്നിലുടനീളം മരണനിരക്ക് ഉയർത്തി, ജനനനിരക്ക് മൂന്നിലൊന്നായി കുറച്ചു. യുഎൻ അഭയാർഥി ഏജൻസി(യുഎൻഎച്ച്സിആർ)യുടെ കണക്കുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും വലിയ പലായനങ്ങളിലൊന്നാണ് യുക്രെയ്നിൽ ഉണ്ടായത്. 60 ലക്ഷത്തിലധികം യുക്രെയ്ൻ ജനത മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യാൻ നിർബന്ധിതരായപ്പോൾ 40 ലക്ഷത്തോളം പേർ യുക്രെയ്നിന്റെ മറ്റു ഭാഗങ്ങളിലേക്കു പലായനം ചെയ്തു. അധിനിവേശത്തിന്റെ തുടക്കം മുതൽ യുക്രെയ്നിന്റെ ജനസംഖ്യ ഏകദേശം നാലിലൊന്നു കുറഞ്ഞതായി യുഎൻ കണക്കാക്കുന്നു.
ശൈത്യകാലം ലക്ഷ്യമിട്ട് റഷ്യ
യുദ്ധം യുക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ദുർബലപ്പെടുത്തി. യുദ്ധവും അതേ തുടർന്നുണ്ടായ പലായനവും തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുകയും രാജ്യത്തിന്റെ ഉൽപ്പാദനത്തിൽ കാര്യമായ ഇടിവുണ്ടാക്കുകയും ചെയ്തു. റഷ്യൻ ആക്രമണങ്ങളിൽ യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾക്കു കനത്ത നാശനഷ്ടമുണ്ടായി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക ഉപരോധങ്ങൾ യുക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, യുക്രെയ്നിലെ ജനസംഖ്യയുടെ ഏകദേശം 40% പേരും രാജ്യാന്തര സംഘടനകളുടെ സഹായത്തെ ആശ്രയിച്ചാണു കഴിയുന്നത്.
റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കപ്പെട്ടു. ആരോഗ്യ മേഖലയുൾപ്പെടെ താറുമാറായി. 20 ലക്ഷം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. യുക്രെയ്നിന്റെ ഊർജ ഉൽപാദനശേഷിയുടെ 65 ശതമാനവും നശിപ്പിക്കപ്പെട്ടു. ശൈത്യകാലം ആരംഭിക്കുന്നതോടെ ആവശ്യമായ തോതിൽ പുതപ്പുകളും മറ്റുമില്ലാതെ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും. ശൈത്യകാലം അടുത്തതോടെ യുക്രെയ്നിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ട്, ശേഷിക്കുന്ന ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കുനേരെ റഷ്യ മിസൈൽ, ഡ്രോൺ ആക്രമണം കടുപ്പിക്കുകയാണ്.
ദിവസവും കൊല്ലപ്പെട്ടത് ആയിരത്തിലേറെ റഷ്യൻ സൈനികർ
റഷ്യയ്ക്കും യുദ്ധം വലിയ ആഘാതമാണു സൃഷ്ടിച്ചത്. നൂറുകണക്കിനു സൈനികരെയാണ് റഷ്യയ്ക്കു നഷ്ടമായത്. കിഴക്കൻ മേഖലയിൽ യുദ്ധം അതിരൂക്ഷമായ ദിവസങ്ങളിൽ പ്രതിദിനം ആയിരത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നും സമാധാന ചർച്ചകൾക്കു തയാറാകണമെന്നും ലോക നേതാക്കൾ റഷ്യയോട് ആവശ്യപ്പെട്ടു. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ പ്രമേയം പാസാക്കിയെങ്കിലും ഫലമുണ്ടായില്ല. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത് റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയ ഇറാനെതിരെ തിങ്കളാഴ്ച ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയത് റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നു വിലയിരുത്തപ്പെടുന്നു.
ദിവസങ്ങൾക്കുള്ളിൽ വീഴുമെന്നു കരുതി, ഇപ്പോൾ 1000ാമത്തെ ദിനം
അത്യന്തം പ്രതികൂലമായ സാഹചര്യത്തിലും യുക്രെയ്നിന്റെ ചെറുത്തുനിൽപിനും ലോകം സാക്ഷ്യം വഹിക്കുകയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ, റഷ്യയുടെ സൈനിക ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ യുക്രെയ്ന് കഴിയില്ലെന്ന് ലോകം കരുതി. എന്നാൽ യുഎസ് ഉൾപ്പെടെ നൽകിയ ആയുധങ്ങളുടെ പിൻബലത്തിൽ യുക്രെയ്ൻ പ്രതിരോധം ആരംഭിച്ചതോടെ റഷ്യയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. മിന്നൽപ്രഹരത്തിലൂടെ യുക്രെയ്നിനെ കീഴടക്കാൻ ഇറങ്ങിത്തിരിച്ച റഷ്യ, യുദ്ധം 1000 ദിനങ്ങൾ പിന്നിടുമ്പോൾ, റഷ്യൻ സൈന്യത്തിന്റെ യൂണിഫോമിൽ പതിനായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരെ കൂടി ഒപ്പം ചേർത്ത് യുക്രെയ്നെതിരെ ആക്രമണം നടത്തുന്നതാണ് കാഴ്ച.
കൂടുതൽ സൈനികരെ റഷ്യൻ സൈന്യത്തിനൊപ്പം അണിനിരത്താൻ ഉത്തര കൊറിയ തയാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നിനു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎസ് പിൻവലിച്ചത് റഷ്യയ്‌ക്കെതിരെ തിരിച്ചടിക്ക് യുക്രെയ്നിന് അവസരമൊരുക്കും.
സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ ഉയർന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവില്ല. അറുതിയില്ലാതെ തുടരുന്ന യുദ്ധം ആ ജനതയെ കുടുതൽ ദുരിതങ്ങളിലേക്കാണ് തള്ളിയിടുന്നത്. യുദ്ധം ആരു ജയിച്ചാലും ഇരുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങൾ മാത്രമാവും ബാക്കി. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വൈകുന്നത് ഒരു ജനതയുടെ നിലനിൽപ് തന്നെ ചോദ്യചിഹ്നമാക്കും.