ADVERTISEMENT

പാലക്കാട് ∙ പ്രചാരണത്തിന്റെ അവസാനദിവസം വിവാദ പരസ്യം നൽകിയത് എൽഡിഎഫ് തീരുമാനമെന്ന സിപിഎം നിലപാടിനെചെ‍ാല്ലി മുന്നണിയിലും നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റിയിലും വിവാദം. എൽഡിഎഫ് യേ‍ാഗത്തിൽ അത്തരത്തിലെ‍‌ാരു തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനഘടകകക്ഷിയായ സിപിഐ പറയുന്നു. സ്ഥാനാർഥിയുടെ പരസ്യം നൽകുന്നത് സാധാരണമാണ്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കലും ധ്രുവീകരണവും ഇടതുമുന്നണിയുടെ നയമല്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. 

പരസ്യം വർഗീയത പരത്തുന്നതെന്ന് ആരേ‍ാപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുകയും ചെയ്തതേ‍ാടെയാണ് ഘടകകക്ഷികളിൽ രേ‍ാഷമുയർ‌ന്നത്. സിപിഐ പാലക്കാട് മണ്ഡലം സെക്രട്ടറി കൂടിയായ മുരളി കെ.താരേക്കാടാണ് നിയേ‍ാജകമണ്ഡ‍ലം തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കു വന്നതായി ഒ‍ാർക്കുന്നില്ലെന്ന് അദ്ദേഹവും പറഞ്ഞു. കൂടിയാലേ‍ാചനയില്ലാതെ ഒരു വിഭാഗം സിപിഎം നേതാക്കളെടുക്കുന്ന തീരുമാനങ്ങൾ വിവാദമാകുന്നത് മുന്നണിയെ മെ‍ാത്തത്തിൽ ആശയക്കുഴപ്പത്തിലാക്കുന്നതായി ഘടകകക്ഷികൾ കുറ്റപ്പെടുത്തുന്നു.

എൽഡിഎഫിന്റെ പേരിൽ കെ‍ാടുത്ത പരസ്യവുമായി ബന്ധപ്പെട്ട നടപടികൾക്ക് മുന്നണി ജില്ലാ കൺവീനറാണ് മറുപടി നൽകേണ്ടത്. സിപിഐക്കാണ് കൺവീനർ സ്ഥാനം. ഘടകകക്ഷികളുമായി ചർച്ചചെയ്താൽ പരസ്യം തടസപ്പെടുമെന്നതിനാലാകാം ഒഴിവാക്കിയതെന്ന സംശയവും കക്ഷി നേതാക്കൾക്കിടയിലുണ്ട്. തിരഞ്ഞെടുപ്പിൽ ഏതിർകക്ഷികളിൽ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുളള നീക്കങ്ങൾ പാളുന്നത് കൂടിയാലേ‍ാചന ഇല്ലാത്തതുകെ‍ാണ്ടെന്ന വിമർശനമാണ് സിപിഐയുടേത്. വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിവാദത്തിൽ മുന്നണിയിൽ ഭിന്നാഭിപ്രായമെന്നും രണ്ട് നിലപാടെന്നും ചർച്ചയായതോടെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഐക്യ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. രണ്ടു തട്ടിലെന്ന തോന്നൽ ഉണ്ടാവരുതെന്നും മുന്നണി ഒരുമിച്ചു തന്നെ നീങ്ങണമെന്നും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഓർമപ്പെടുത്തലുണ്ടായി.

അതേസമയം, സംഭവത്തിൽ സിപിഎമ്മിനുള്ളിലും അമർഷം ഉയർന്നിട്ടുണ്ടെന്നാണ് വിവരം. പരസ്യ കാര്യത്തിൽ ആശയവിനിമയം നടത്താമായിരുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട് എന്നാണ് സൂചന. വരും ദിവസം പരസ്യം ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ ചില ജാഗ്രത കുറവുകൾ പാർട്ടിയിൽ ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കും.

English Summary:

An LDF advertisement released on the last day of campaigning in Palakkad has ignited a political firestorm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com