കണ്ടുമുട്ടിയത് ആ ബസില്‍; ജീവിതയാത്രയിലും ആര്‍എന്‍ഇ 522നെ മറക്കാതെ അമലും അഭിജിതയും
Mail This Article
തിരുവനന്തപുരം∙ സ്വന്തം ജീവിതയാത്രയുടെ മംഗളമുഹൂര്‍ത്തത്തിലും ഏറെ ഇഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസിനെ കൂടെ കൂട്ടിയ മാറനല്ലൂര്‍ ചീനിവിള സ്വദേശിയായ അമലിനെയും അഭിജിതയെയും മധുരവും സമ്മാനവും നല്‍കി സ്വീകരിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ചീനിവിള വഴി ഓടുന്ന ആര്‍എന്‍ഇ 522ാം നമ്പര്‍ ബസില്‍ വച്ച് കണ്ടുമുട്ടിയ അഭിജിതയെ ജീവിതസഖിയാക്കിപ്പോള്‍ അമല്‍ ബസിനെയും മറന്നില്ല. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ഒരു സഹായം കൂടി നല്‍കുക എന്ന നിലയിലാണ് ഈ ബസ് തന്നെ വിവാഹത്തിന് ബുക്ക് ചെയ്തതെന്ന് അമല്‍ പറയുന്നു.
രാഷ്ട്രീയ കക്ഷികളും ക്ലബുകളും തങ്ങളുടെ ആവശ്യത്തിന് കെഎസ്ആര്‍ടിസി ബുക്ക് ചെയ്യുന്ന രീതിയുണ്ടാകണം. കെഎസ്ആര്‍ടിസി ബസ് ഇങ്ങനെ വിട്ടുകൊടുക്കുമെന്ന കാര്യം കൂടുതല്‍ ആളുകള്‍ക്കും അറിയില്ലെന്നും അമല്‍ പറഞ്ഞു. അമലിന് കെഎസ്ആര്‍ടിസിയോടുള്ള താല്‍പര്യം മുന്നേ അറിയുന്നതു കൊണ്ട് ആശ്ചര്യമൊന്നും തോന്നിയില്ലെന്ന് വധു അഭിജിത പറഞ്ഞു. വേറിട്ട ഒരു ചിന്ത ആയതുകൊണ്ടു സന്തോഷത്തോടെ ഒപ്പം നിന്നുവെന്നും അഭിജിത പറഞ്ഞു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ അമലിന്റെ വിവാഹത്തിനെത്തിയിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ കണ്ടുമുട്ടിയ അമലും അഭിജിതയും ജീവിതയാത്രയില്‍ ഒന്നിച്ചു ചേര്‍ന്നത് സന്തോഷമുഹൂര്‍ത്തമാണെന്നു മന്ത്രി പറഞ്ഞു.
നവദമ്പതിമാര്‍ ഇന്ന് തിരുവനന്തപുരം തമ്പാനൂരിലുള്ള കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എത്തിയാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കണ്ടത്. വിവാഹത്തിന് ആര്‍എന്‍ഇ 522 നമ്പര്‍ ബസ് തന്നെ വേണമെന്നു കരുതി അതു തന്നെ ബുക്ക് ചെയ്യുകയായിരുന്നുവെന്ന് അമല്‍ പറഞ്ഞു. ‘‘കാട്ടാക്കട ചീനിവിള വഴി തിരുവനന്തപുരത്തിന് ഒാടുന്ന ബസ് ആണിത്. ആര്‍ടി 321 എന്ന ബസാണ് നേരത്തേ സര്‍വീസ് നടത്തിയിരുന്നത്. മുന്‍പ് ചില ട്രിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. കാലപ്പഴക്കം മൂലം ദിനംപ്രതി വഴിയില്‍ കിടക്കുന്ന സാഹചര്യമുണ്ടായി. യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടായതോടെ ഞാന്‍ മന്ത്രിക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ചീനിവള റൂട്ടിലേക്ക് ആര്‍എന്‍ഇ 525 ബസ് അനുവദിച്ചു. സ്ഥിരമായി ആ ബസിലാണ് യാത്ര ചെയ്തിരുന്നത്. ബസിന് എന്തെങ്കിലും തകരാറ് കണ്ടാല്‍ അപ്പോള്‍ തന്നെ ഇടപെട്ട് അധികൃതരെ അറിയിച്ച് പരിഹാരം കണ്ടിരുന്നു. അന്നു മുതലുള്ള ആഗ്രഹമായിരുന്നു വിവാഹം കഴിക്കുമ്പോള്‍ ആ ബസ് തന്നെ ബുക്ക് ചെയ്യണമെന്നത്’’ - അമല്‍ പറഞ്ഞു.
നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ബസിന്റെ ഉള്ളില്‍ വച്ചു തന്നെ താലികെട്ട് നടത്താമായിരുന്നുവെന്ന് ഒരു ചെറുചിരിയോടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. ‘‘ഒരുപാട് പേര്‍ പരസ്പരം കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നത് കെഎസ്ആര്‍ടിസി ബസിലാണ്. നടന്‍ മധുപാലും ഭാര്യയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയത് തൃശൂര്‍ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ചാണെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. അമലിനും അഭിജിതയ്ക്കും ജീവിതയാത്ര സുഗമമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’’ - മന്ത്രി പറഞ്ഞു.