സഖാക്കളുടെ സ്നേഹക്കട; പാലക്കാടൻ രാഷ്ട്രീയം പറഞ്ഞ് ചായ അടിച്ച് പ്രഭാകരൻ
Mail This Article
പാലക്കാട്∙ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നതിനെക്കുറിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറയുംപോലെയാണ് പാലക്കാട്ടെ സിപിഎമ്മുകാർക്ക് പ്രഭാകരന്റെ ചായക്കട. തിരഞ്ഞെടുപ്പോ പാർട്ടി കമ്മിറ്റിയോ ഏതുമാകട്ടെ സഖാക്കൾക്കു പ്രിയമാണ് ഇവിടത്തെ ചായ. വിക്ടോറിയ കോളജ് റോഡിൽ സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസായ കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിനു മുന്നിലാണ് പ്രഭാകരന്റെ മിൽമ ബൂത്ത്. തിരഞ്ഞെടുപ്പു വിശേഷം ചോദിക്കുന്നവരോട് സരിൻ തന്നെ ജയിക്കും സംശയമെന്തെന്നു മറുചോദ്യം എറിഞ്ഞാണ് അടിയുറച്ച സിപിഎമ്മുകാരനായ പ്രഭാകരന്റെ ചൂട് ചായ അടി. 38 വർഷമായി ഈ കട ഇവിടെയുണ്ട്. പെരുമാട്ടി വിളയോടി സ്വദേശിയായ പ്രഭാകരൻ നിറചിരിയോടെ ‘സ്നേഹ’ചായയും ചെറുകടികളും വിളമ്പുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന വട്ട തന്ത്രങ്ങൾ മെനയാൻ പാർട്ടി ഓഫിസിലെത്തുന്ന നേതാക്കൾക്കായി കടയിൽനിന്നും ചായയുമായി പ്രഭാകരൻ അങ്ങോട്ടേക്കു പായും. പ്രവർത്തകർ ചായ കുടിക്കാൻ ഇടയ്ക്കിടെ എത്തുന്നുമുണ്ട്.
ശിവദാസ മേനോന്റെ സ്ഥിരം ചായ പ്രഭാകരന്റേത് ആയിരുന്നു. മന്ത്രി എം.ബി. രാജേഷും എൻ.എൻ. കൃഷ്ണദാസും ജില്ലയിലെ മറ്റു സിപിഎം നേതാക്കളും ചൂടുള്ള ചർച്ച കഴിഞ്ഞു ചൂടു ചായ കുടിച്ചേ മടങ്ങൂ. എസ്എഫ്ഐ കാലം തൊട്ട് എം.ബി. രാജേഷ് ഇവിടെനിന്നു ചായ കുടിക്കുന്നുണ്ട്. അന്നു മുതൽ ഇവിടെ പറ്റുമുണ്ട്. എംപിയും മന്ത്രിയും ആയപ്പോഴും അതു തുടരുന്നു. അതൊന്നും പറ്റല്ലെന്നും സ്നേഹമാണെന്നുമാണു പ്രഭാകരൻ പറയുന്നത്.
‘‘പാർട്ടി സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനുമെല്ലാം പാർട്ടി ഓഫിസിലെത്തിയാൽ ഇവിടത്തെ ചായ പതിവായിരുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോൾ നായനാർ സഖാവും ധാരാളം ചായ കുടിച്ചിട്ടുണ്ട്. അദ്ദേഹം ഇവിടെ വരില്ല, ഞാൻ ഓഫിസിൽ കൊണ്ടു കൊടുക്കും. അതുപോലെ പിണറായി സഖാവിനും പല തവണ ചായ കൊടുത്തിട്ടുണ്ട്. ചായ കുടിക്കാൻ വരുന്ന സഖാക്കളൊക്കെ നല്ല അഭിപ്രായമാണ് സരിനെപ്പറ്റി പറയുന്നത്. പാർട്ടി വോട്ടുകൾക്കു പുറത്തുള്ള വോട്ടും ലഭിക്കും. തിരഞ്ഞെടുപ്പ് ആയതിനാൽ പാർട്ടി ഓഫിസിലെ തിരക്കു കാരണം ചായ അടിയും കൂടി’’ – പ്രഭാകരൻ പറഞ്ഞു.
കടയുടെ മുന്നിൽ വലിയ തട്ടം നിറയെ ശിവലിംഗപ്പൂവ് പ്രഭാകരൻ വച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ രണ്ടു മരങ്ങളിൽനിന്നാണ് പൂക്കൾ ശേഖരിക്കുന്നത്. രാവിലെ ശിവലിംഗ പൂക്കൾ നിറച്ചുവച്ച ശേഷമാണു ചായയടി ആരംഭിക്കുന്നത്. കടയ്ക്കുള്ളിൽ വി.എസ്. അച്യുതാനന്ദന്റെ ഫോട്ടോയുമുണ്ട്. വി.എസ്. ജീവനാണെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇടനെഞ്ചിലുണ്ടെന്നും പ്രഭാകരൻ പറഞ്ഞു. അപ്പോഴേക്കും ചായ കുടിക്കാൻ ഒരുപറ്റം സഖാക്കൾ. പ്രഭാകരന്റെ കടയിൽ വന്നാൽ ചായയും കുടിക്കാം രാഷ്ട്രീയവും പറയാം.