ADVERTISEMENT

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം, അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്, സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനം തുടങ്ങി പ്രധാനപ്പെട്ട നിരവധി സംഭവങ്ങളാണ് ഇന്ന് ഉണ്ടായത്. 

അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. നവംബർ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയിൽ എത്തിയത്. ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.

സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്‌ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചതും രാഷ്ട്രീയ കേരളം ചർച്ച ചെയ്തു. പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം ലഭിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട വാർത്ത. സുപ്രീം കോടതിയാണു ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്നു പറയുന്നതു ശരിയല്ലെന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. 2 പഞ്ചായത്തുകളിലെ 3 വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല. കേന്ദ്രത്തിന്റെ അധിക സഹായത്തിന്റെ പേരിൽ ഇന്ത്യാസഖ്യം വ്യാജപ്രചാരണം നടത്തുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രെയ്‌നുമായുള്ള സംഘർഷത്തിനിടെ ആണവ നയത്തിലെ പരിഷ്‌കാരങ്ങൾക്ക് റഷ്യൻ‌ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അംഗീകാരം നൽകിയതാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മറ്റൊരു വാർത്ത. യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുന്ന പുതിയ നയം, റഷ്യയ്‌ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാൻ കൂടുതൽ ‘സ്വാതന്ത്ര്യം’ നൽകുന്നതാണ്.

English Summary:

Today's Recap: 2024 November 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com