‘ബിജെപിയുടെ വീട്ടില്‍നിന്നു കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിൽ; പിണറായി ‘പാഷാണം വര്‍ക്കി’യെ പോലെ
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിനെ പോലൊരു പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വടകരയില്‍ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തിരഞ്ഞെടുപ്പിന്റെ തലേന്ന് പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി വര്‍ഗീയ പ്രചരണത്തിനാണ് സിപിഎം ശ്രമിച്ചതെന്ന് സതീശൻ പറഞ്ഞു.
സന്ദീപ് വാരിയർ ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സിപിഎം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സംഘപരിവാർ പോലും സിപിഎമ്മിനു മുന്നില്‍ നാണിച്ചു തല താഴ്ത്തും. പാലക്കാട് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ ജയിപ്പിക്കാനുള്ള ഹീനമായ തന്ത്രം നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്തുവന്നാലും യുഡിഎഫ് തോല്‍ക്കണമെന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പത്ത് മിനിറ്റു കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്ന മുനമ്പം വിഷയം പരിഹരിക്കാതെ ക്രൈസ്തവര്‍ക്കും മുസ്‌ലിംകൾക്കും ഇടയില്‍ ഭിന്നതയുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ സംഘപരിവാറിനും ബിജെപിക്കും അവസരമുണ്ടാക്കി കൊടുത്തത്. ബിജെപി സിപിഎം ബാന്ധവമാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസത്തെ ഹീനമായ വര്‍ഗീയ പ്രചാരണത്തിലൂടെയും പുറത്തു വന്നിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
‘‘ഒരാള്‍ ബിജെപിയുടെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പിണറായി വിജയന് എന്താണ് കുഴപ്പം? കാലടി ഗോപിയുടെ ‘ഏഴു രാത്രികള്‍’ എന്ന നാടകത്തിലെ കഥാപാത്രമായ പാഷാണം വര്‍ക്കിയെ ഓർമിപ്പിക്കുന്ന രീതിയിലേക്ക് പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. പാഷാണം വര്‍ക്കി ഹിന്ദുവിന്റെ വീട്ടില്‍ പോകുമ്പോള്‍ കൃഷ്ണന്റെയും ക്രിസ്ത്യാനിയുടെ വീട്ടില്‍ പോകുമ്പോള്‍ യേശുക്രിസ്തുവിന്റെയും പടം വയ്ക്കും. ആളുകളെ കബളിപ്പിക്കുന്ന പാഷാണം വര്‍ക്കിയുടെ നിലയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തരംതാണിരിക്കുന്നത്. ഇതാണോ ഇടതുപക്ഷം? ഇവരാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി? ഇവരാണോ പുരോഗമന പാര്‍ട്ടി ? ഇവര്‍ തീവ്ര വലതുപക്ഷ പിന്തിരിപ്പന്‍മാരാണ്. ഞങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഞങ്ങള്‍ പുരോഗമന പാര്‍ട്ടിയല്ലെന്നും, തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സിപിഎം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നു’’ – സതീശൻ പറഞ്ഞു.
ബിജെപിയുടെ നാവും മുഖവും ആയിരുന്ന ആള്‍ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചപ്പോള്‍ ബിജെപിയുടെ വീട്ടില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിലാണ് സിപിഎമ്മിന്റെ വീട്ടില്‍ നിന്നും കേള്‍ക്കുന്നത്. ഒ.കെ. വാസുവിനു മാലയിട്ട പിണറായി വരെ കരയുകയാണ്. ഇനിയും പലരും വരാനിരിക്കുന്നതേയുള്ളൂവെന്നും സതീശൻ പറഞ്ഞു.