പാലക്കാട് 70.51% പോളിങ്; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റമെന്ന് പ്രവചനം
Palakkad Election News
Mail This Article
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 70.51% പോളിങ്. തപാൽ വോട്ട് ഉൾപ്പെടെ ചേർക്കുമ്പോൾ അന്തിമഫലത്തിൽ മാറ്റം വന്നേക്കും. ആകെയുള്ള 1,94,706 വോട്ടര്‍മാരിൽ 1,37,302 പേർ വോട്ട് ചെയ്തതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മഹാരാഷ്ട്രയിലെ 288, ജാർഖണ്ഡിലെ 38 നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലും ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ മുന്നണിക്കാണു മുൻതൂക്കം പ്രവചിക്കുന്നത്. വയനാട് ലോക്സഭാ, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫലം 23ന് പ്രഖ്യാപിക്കും.
പാലക്കാട് വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ തുടർന്ന് ബിജെപി – യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥാനാർഥി ബൂത്തിൽ കയറി വോട്ടുചോദിച്ചെന്ന് ബിജെപി ആരോപിച്ചു. ബൂത്തിൽ കയറാൻ സമ്മതിക്കാത്തതിൽ രാഹുലും പ്രവർത്തകരും പ്രതിഷേധിച്ചു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിനുശേഷം പത്രങ്ങളില്‍ സിപിഎം നല്‍കിയ വിദ്വേഷ പരസ്യം കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കു പോയ സന്ദീപ് വാരിയരെ ക്രിസ്റ്റല്‍ ക്ലിയർ എന്നു വിശേഷിപ്പിച്ചിട്ടില്ലെന്നു സിപിഎം നേതാവ് എ.കെ.ബാലന്‍ പ്രതികരിച്ചു. ക്രിസ്റ്റൽ ക്ലിയർ എന്നു പറഞ്ഞത് പി.സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നു. അതു സന്ദീപിനെ ഉദ്ദേശിച്ചായിരുന്നില്ല. വിഷലിപ്തമായ കാര്യങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് എതിരെ പറഞ്ഞ ആളാണു സന്ദീപ്. അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യം കൊണ്ടും അതില്ലാതാക്കാൻ കഴിയില്ലെന്നും ബാലൻ പറഞ്ഞു.