ADVERTISEMENT

ന്യൂഡൽഹി∙ മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിലെ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, രാജുവിനെതിരായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കാനുമാണ് ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കാരോൾ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.

അതേസമയം, നടപടിക്രമം പാലിച്ചു വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിൽ ഒരാളായ മാധ്യമപ്രവർത്തകൻ എം.ആർ. അജയനു കേസുമായി ബന്ധമില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി തള്ളി. ഉത്തരവിന്റെ പ്രധാനഭാഗം തുറന്ന കോടതിയിൽ വായിച്ചെങ്കിലും ചില തിരുത്തലുകൾ ആവശ്യമാണെന്നും അതിനുശേഷം വൈകിട്ടോടെ ഇതു പ്രസിദ്ധപ്പെടുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി.

ആന്റണി രാജുവിനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ടു രണ്ടു പ്രത്യേകാനുമതി ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. നടപടിക്രമം പാലിച്ചു കേസിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിലെ ഭാഗമാണ് ആന്റണി രാജു ചോദ്യം ചെയ്തത്. എന്നാൽ, സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരെ നേരത്തേ നിലനിന്ന ക്രിമിനൽ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ ഭാഗമാണ് എം.ആർ. അജയൻ ചോദ്യം ചെയ്തത്.

പൊലീസ് നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അല്ല, കോടതിയുടെ പക്കലുണ്ടായിരുന്ന തെളിവിൽ കൃത്രിമത്വം കാട്ടിയെന്നതിൽ പരാതിക്കാരനാകേണ്ടിയിരുന്നതു കോടതി തന്നെയായിരുന്നുവെന്നാണ് ഇതേക്കുറിച്ചു ഹൈക്കോടതി നിരീക്ഷിച്ചത്. ഇതു തെറ്റാണെന്നു വ്യക്തമാക്കുകയും കേസിൽ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനുമാണ് നിലവിൽ ഹൈക്കോടതി നിർദേശിച്ചത്.

1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. വിചാരണക്കോടതിയിൽ ശിക്ഷിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ കുറ്റവിമുക്തനായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.

English Summary:

supreme court verdict today in alleged tampering of evidence case against antony raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com