ADVERTISEMENT

പാലക്കാട് നിയമസഭാ മണ്ഡലം, മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങൾ, ജാർഖണ്ഡിലെ 38 നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വോട്ടെടുപ്പ്, എക്സിറ്റ്പോള്‍ ഫലം, വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ തഞ്ചാവൂരിൽ കൊലപ്പെടുത്തിയ സംഭവം, നിഖിൽ ചോപ്രയെ കൊച്ചി–മുസിരിസ് ബിനാലെ ക്യുറേറ്ററായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് തുടങ്ങിയ നിരവധി സംഭവങ്ങളാണ് കേരളത്തിലുണ്ടായത്. 

പാലക്കാട് നിയമസഭാ മണ്ഡലം, മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങൾ, ജാർഖണ്ഡിലെ 38 നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചു. പാലക്കാട്ടെ പോളിങ് 70 ശതമാനം പിന്നിട്ടു. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ദേശീയ നേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്തി. 

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യം അധികാരത്തിൽ കയറുമെന്ന് പ്രവചനം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി – മാർക്ക്, പീപ്പിൾസ് പൾസ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവർ നടത്തിയ സർവേ പ്രവചിച്ചു.

വിവാഹാഭ്യർഥന നിരസിച്ചതിന് തഞ്ചാവൂരിൽ സർക്കാർ സ്കൂൾ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദാരുണ സംഭവമാണ് ഇന്നത്തെ മറ്റൊരു പ്രധാനപ്പെട്ട വാർത്ത. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണി (26) ഇന്ന് രാവിലെയാണ് ജോലി ചെയ്തിരുന്ന മല്ലിപട്ടണം ഹൈസ്‌കൂളിൽ വച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ചിന്നമന സ്വദേശി മദന്‍ (30) അറസ്റ്റിലായി. 

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യുറേറ്റർ നിഖിൽ ചോപ്രയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന 110 ദിവസത്തെ പരിപാടി 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തേയും 60 കലാകാരന്മാര്‍ ബിനാലെയുടെ ഭാഗമാകും. ബിനാലെയുടെ ക്യുറേറ്റര്‍ പദവി ഏറ്റെടുക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നു നിഖില്‍ ചോപ്ര പറഞ്ഞു.

34 വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താന്‍ തൊണ്ടിയായ ഉൾവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിൽ മുന്‍മന്ത്രി ആന്റണി രാജു വിചാരണ നേരിടാന്‍ പോകുന്നതാണ് മറ്റൊരു പ്രധാന വാർത്ത.  സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് മുന്‍മന്ത്രിക്ക് കേസില്‍ വിനയായത്. കേസിലെ പ്രതിയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുകയാണോ എന്നു സുപ്രീംകോടതി വിമര്‍ശിച്ചതിനെ തുടർന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 

English Summary:

Today's Recap: 2024 November 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com