മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം; ചുമതല നർകോട്ടിക് അസി.കമ്മിഷണർക്ക്
Mail This Article
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യവസായ ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം നടത്തുന്നതിന് തീരുമാനം. നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണറാണ് അന്വേഷിക്കുന്നത്. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കുക. കേസിൽ കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണമാകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. നിലവിൽ സസ്പെൻഷനിലാണ് ഗോപാലകൃഷ്ണൻ.
സംഭവത്തിൽ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർധ വളർത്താനും വഴിയൊരുക്കുന്നതാണെന്നാണ് ജില്ലാ ഗവ.പ്ലീഡർ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയത്. ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.