ADVERTISEMENT

കൊച്ചി ∙ വിവാദ മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി വിധി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്നാണു ഹർജിയിൽ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണു താനെന്നുമാണു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്കു ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.

2022 ജൂലൈയിലാണു ഭരണഘടനയ്ക്ക് എതിരായ സജി ചെറിയാന്റെ പരാമര്‍ശമുണ്ടായത്. പിന്നാലെ മന്ത്രിക്കസേര തെറിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ‘ഭരണഘടനാ വിമര്‍ശനം’. വാക്കുകള്‍ ഇങ്ങനെ: ‘‘ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടന. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്’’.

പ്രസംഗം വിവാദമായതോടെ ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിച്ച്, ഖേദം പ്രകടിപ്പിച്ചു. പക്ഷേ, മന്ത്രിക്കു രാജി വയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വീണ്ടും മന്ത്രിയാക്കി.

English Summary:

Setback for Minister Saji Cherian in Constitution Remark Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com