ADVERTISEMENT

മംഗളൂരു ∙ കുന്ദാപുരയ്ക്കടുത്ത് പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ നിയന്ത്രണംവിട്ടെത്തിയ ലോറിയിടിച്ച് 7 പേർക്ക് പരുക്ക്. 3 സ്ത്രീകൾ ഐസിയുവിലാണ്. ക്ഷേത്രദർശനത്തിനു പോയവരാണ് അപകടത്തിൽ പെട്ടത്. 

അന്നൂർ സ്വദേശി റിട്ട. അധ്യാപകൻ വണ്ണായിൽ ഭാർഗവൻ (69), ഭാര്യ കെ.യു.ചിത്രലേഖ, ഭാർഗവന്റെ സഹോദരൻ തായിനേരി കൗസ്തുഭത്തിൽ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയൽവാസി തായിനേരി കൈലാസിൽ നാരായണൻ (64), ഭാര്യ വത്സല, കാർ ഡ്രൈവർ വെള്ളൂർ കൊട്ടനച്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഫസിൽ (38) എന്നിവർക്കാണ് പരുക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് മണിപ്പാൽ ആശുപത്രിയിൽ ഐസിയുവിൽ ഉള്ളത്. 

മണിപ്പാൽ ആശുപത്രിയിലുള്ള നാരായണൻ അപകടനില തരണം ചെയ്തു. മധു, ഭാർഗവൻ, ഫസിൽ എന്നിവർ കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡിക ദുർഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് ആണ് അപകടം. ക്ഷേത്രത്തിലേക്ക് പോകാനായി കാർ പിറകോട്ട് എടുക്കുന്നതിനിടെ മീൻലോറി ഇടിക്കുകയായിരുന്നു. 

ലോറിയുടെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് കണ്ടുനിന്നവർ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ 6ന് ആണ് ഇവർ കർണാടകയിലേക്ക് പുറപ്പെട്ടത്.

English Summary:

Seven Injured, Three Critical in Kundapur Lorry-Car Collision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com