‘കറുത്ത ദിനം; ഐസിസി മനുഷ്യരാശിയുടെ ശത്രുവായി മാറി’: അറസ്റ്റ് വാറന്റിന് എതിരെ നെതന്യാഹു
Mail This Article
ജറുസലം∙ ഗാസ യുദ്ധം നടത്തിയതിനു രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘‘ ഒരു ഇസ്രയേൽ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല. എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരും. ഞങ്ങൾ സമ്മർദത്തിനു വഴങ്ങില്ല’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
-
Also Read
ഗാസ: മരണം 44,000 കവിഞ്ഞു
‘‘രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. മനുഷ്യരാശിയെ സംരക്ഷിക്കാൻ ഹേഗിൽ സ്ഥാപിച്ച രാജ്യാന്തര ക്രിമിനൽ കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു. ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു
സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനെതിരായ ഐസിസി നടപടി. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റവും നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ കോടതി ആരോപിച്ചിട്ടുണ്ട്.