‘രാജിവയ്ക്കേണ്ട’: സജി ചെറിയാന്‍ പൂർണ പിന്തുണയുമായി സിപിഎം
Mail This Article
തിരുവനന്തപുരം∙ ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവച്ചതാണെന്നു പാര്‍ട്ടി വിലയിരുത്തി. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിക്ക് പാര്‍ട്ടി പിന്തുണ നല്‍കിയിരിക്കുന്നത്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന സജി ചെറിയാന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടി എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പരാതിയില്‍ പറയുന്ന ആള്‍ മന്ത്രിയായതു കൊണ്ട് വിശ്വസ്തനായ ആള്‍ അന്വേഷിക്കണമെന്ന് കോടതി തന്നെ പറയുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്നാണു കോടതി പറഞ്ഞത്. കേരളത്തിലെ പൊലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് കോടതി പ്രകടിപ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കണമെന്ന സജി ചെറിയാന്റെ വാദം അദ്ദേഹത്തിന്റെ അവകാശത്തിന്റെ ഭാഗമാണെന്നും പി.രാജീവ് സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യമില്ലെന്ന തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഭരണഘടനയോട് അനാദരവ് കാണിക്കുകയെന്ന ലക്ഷ്യം സജി ചെറിയാനില്ലായിരുന്നെന്ന കീഴ്‌വായ്പൂര് പൊലീസിന്റെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവല്ല കോടതിയുടെ ഉത്തരവ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോടു നിർദേശിച്ച കോടതി, താമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.