നാവികസേനാ അന്തർവാഹിനി മീൻപിടിത്ത ബോട്ടിൽ ഇടിച്ച് അപകടം; 2 പേരെ കാണാതായി, തിരച്ചിൽ
Mail This Article
ന്യൂഡൽഹി∙ മീൻപിടിത്ത ബോട്ടും ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ചു രണ്ടുപേരെ കാണാതായി. ഗോവ തീരത്തിനു 70 നോട്ടിക്കിൽ മൈൽ (129.64 കിലോമീറ്റർ) അകലെ വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു.
‘മാർതോമ’ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിന് ഇരയായത്. 13 പേരാണു ബോട്ടിലുണ്ടായിരുന്നത്. ഗോവ തുറമുഖത്തുനിന്നു മറ്റൊരു തുറമുഖത്തേക്കു പോകുകയായിരുന്നു അന്തർവാഹിനി. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നു നാവികസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. 6 സേനാ കപ്പലുകളും ഒരു കോപ്റ്ററും രംഗത്തെത്തി. 11 തൊഴിലാളികളെ രക്ഷപെടുത്തി. മറ്റു രണ്ടു പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
അപകടത്തിൽ അന്തർവാഹിനിക്കും കാര്യമായ കേടുപാടുണ്ടായില്ലെന്നാണു വിവരം. തീരത്തെത്തിയാൽ മാത്രമേ അന്തർവാഹിനിയുടെ സ്ഥിതി വ്യക്തമാകൂ. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളും പുറത്തുവരേണ്ടതുണ്ട്.