ADVERTISEMENT

കൊച്ചി ∙ ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ ഹർത്താൽ നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ നടത്തിയതിനെയാണ് ഹൈക്കോടതി വിമർശിച്ചത്. നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇത് വളരെയധികം അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹർത്താല്‍ കാര്യത്തിൽ തങ്ങൾ പ്രകടിപ്പിച്ച അഭിപ്രായം ബന്ധപ്പെട്ടവരെ അറിയിക്കാനും കോടതി നിർദേശം നൽകി.

വയനാടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. എന്നാൽ ഇത് കോടതിയുടെ പരിഗണനയിലും മേൽനോട്ടത്തിലുമുള്ള വിഷയമാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി. ‘‘ജനവിരുദ്ധമാണ് ഹർത്താൽ. ഇതിനെതിരെ നേരത്തെ തന്നെ കോടതി വിധിയുണ്ട്. ഹർത്താൽ നടത്തില്ല എന്നോ മറ്റോ യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൽ‍ഡിഎഫ് അധികാരത്തിലുള്ളവരാണ്. എന്നിട്ടും ഹർത്താൽ നടന്നു. കഷ്ടമാണ് കാര്യങ്ങൾ. ഇത്തരം കാര്യങ്ങൾ ഇനിയും അനുവദിക്കാൻ സാധിക്കില്ല. ജനങ്ങൾക്ക് മോശം അവസ്ഥയുണ്ടാക്കുക എന്നല്ലാതെ ഹർത്താൽ നടത്തിയിട്ട് എന്താണ് കിട്ടിയത്’’–കോടതി ചോദിച്ചു. 

കേന്ദ്രം സഹായം നൽകിയില്ലെങ്കിൽ ഹർത്താൽ നടത്തിയാൽ സഹായം ലഭിക്കുമോ എന്നും കോടതി ചോദിച്ചു. ‘‘ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ഹർത്താൽ നടത്തുന്നത്. അപ്രതീക്ഷിതമായ ഇത്തരം ഹർത്താലുകൾ പ്രഖ്യാപിക്കുമ്പോൾ പേടി മൂലമാണ് ആളുകൾ പുറത്തിറങ്ങാത്തത്. മനുഷ്യരുടെ ഭയത്തെ മുതലെടുക്കുകയാണ്. ഇത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്’’– കോടതി പറഞ്ഞു.

വലിയ ടൂറിസം കേന്ദ്രമെന്ന നിലയിലാണ് ഇതര നാടുകളിൽ നാം കേരളത്തെ കാണിക്കുന്നതെന്നും അവിടെയാണ് ഹർത്താൽ നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് പറയുന്നത്. ഈ നാട്ടിൽ നടക്കുന്നത് എന്താണെന്ന് ദൈവത്തിനു പോലുമറിയില്ല എന്നും കോടതി പറഞ്ഞു.

English Summary:

Kerala High Court heavily criticized the hartal organized by the LDF and UDF in Wayanad, deeming it an irresponsible act that inconvenienced the public.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com