ADVERTISEMENT

പത്തനംതിട്ട ∙ മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തിൽ വിള്ളലുണ്ടായതോടെ അമ്മുവിനെ നിരന്തരം പീഡിപ്പിച്ചു. ശാരീരിക ഉപദ്രവത്തിനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. 15ന് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റ അമ്മു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൂന്നു സഹപാഠികളെയും പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

സുഹൃത്തുക്കൾക്കിടയിലെ ചെറിയ പ്രശ്നങ്ങൾ തർക്കങ്ങളിലൂടെ വലുതാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാബിൽ ഉപയോഗിക്കുന്ന ലോഗ് ബുക്ക് നവംബർ ആദ്യ ആഴ്ച നഷ്ടമായതാണ് തർക്കം രൂക്ഷമാക്കിയത്. അമ്മു ഈ ബുക്ക് എടുത്തെന്നായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും ആരോപണം. ബുക്ക് നഷ്ടപ്പെട്ട കുട്ടി പരാതി നൽകിയില്ല. അധ്യാപിക വഴി ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു. നവംബർ 13നായിരുന്നു യോഗം. അമ്മുവിന്റെ അച്ഛന് വരാൻ അസൗകര്യം ഉള്ളതിനാൽ 18ലേക്ക് യോഗം മാറ്റി. എന്നാൽ നവംബർ 15ന് അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണു. ലോഗ് ബുക്കിനുവേണ്ടി സഹപാഠികൾ അമ്മുവിന്റെ മുറിയിൽ പരിശോധന നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടു. കള്ളി എന്നു വിളിച്ച് കളിയാക്കിയതായും ആരോപണമുണ്ട്. സുഹൃത്തുക്കളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിന്റെ വീട്ടുകാർ കോളജിന് പരാതി നൽകിയിരുന്നു. 18ലെ യോഗത്തിനു മുൻപ് ലോഗ് ബുക്ക് കിട്ടിയില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാമെന്ന നിലപാടിലായിരുന്നു അമ്മുവിന്റെ വീട്ടുകാർ. എന്നാൽ അതിനു മുൻപ് അമ്മു ലോകത്തോട് യാത്ര പറഞ്ഞു.

ടൂർ കോ ഓർഡിനേറ്ററായി അമ്മുവിനെ തീരുമാനിച്ചതിലും മൂന്ന് സുഹൃത്തുക്കൾക്കും എതിർപ്പുണ്ടായിരുന്നു. ക്ലാസ് ടീച്ചറാണ് ടൂർ കോ ഓർഡിനേറ്ററായി അമ്മുവിന്റെ പേര് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ സമയത്ത് ക്ലാസിൽ എതിർപ്പുണ്ടായിരുന്നില്ല. പിന്നീട് മൂന്നു സുഹൃത്തുക്കൾ അതിനെതിരെ ക്ലാസിൽ സംസാരിച്ചതായി പൊലീസിനു വിവരം ലഭിച്ചു. കോളജ് കോംപൗണ്ടിൽവച്ച് ഈ മൂന്നുപേർ അമ്മുവിനെ നിരന്തരം പരിഹസിച്ചിരുന്നതായും പൊലീസ് പറയുന്നു. വിദ്യാർഥികളുടെയും കോളജ് അധികൃതരുടെയും കുടുംബത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലും അമ്മു ചില വിവരങ്ങള്‍ രേഖപ്പെടുത്തിവച്ചത് തെളിവായി സ്വീകരിച്ചുമാണ് മൂന്നു വിദ്യാർഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മുവിന്റെയും അറസ്റ്റിലായവരുടെയും ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. വിദ്യാർഥികളെ ആവശ്യമെങ്കിൽ കസ്റ്റഡിൽ ആവശ്യപ്പെടും.

English Summary:

Nursing student death - Police says classmates continously harrased Ammu accusing her theft also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com