മണിപ്പുരിലേക്ക് 10,000 സൈനികർ കൂടി; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 258 പേർ
Mail This Article
ഇംഫാൽ∙ വംശീയ കലാപം രൂക്ഷമായ മണിപ്പുരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയയ്ക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്. ഇതോടെ മണിപ്പുരിൽ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആകും. 2023 മേയ് മുതൽ സംസ്ഥാനത്ത് നടക്കുന്ന കലാപത്തിൽ 258 പേർ മരിച്ചതായും അദ്ദേഹം പറഞ്ഞു.
‘‘പൗരന്മാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും ദുർബല പ്രദേശങ്ങളും പോയിന്റുകളും നിരീക്ഷിക്കുന്നതിനുമാണ് സേനയെ വിന്യസിക്കുന്നത്. എല്ലാ മേഖലകളിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ സേനയെ ഉൾപ്പെടുത്തും. എല്ലാ ജില്ലയിലും പുതിയ കോ-ഓർഡിനേഷൻ സെല്ലുകളും ജോയിന്റ് കൺട്രോൾ റൂമുകളും സ്ഥാപിക്കും. സംഘർഷം ആരംഭിച്ച ശേഷം പൊലീസിന്റെ ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച ഏകദേശം 3,000 ആയുധങ്ങൾ സുരക്ഷാ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ട്’’ – സിങ് പറഞ്ഞു.
പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), അസം റൈഫിൾസ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഉൾപ്പെടെയുള്ളവ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. എന്തു പ്രശ്‌നം വന്നാലും ഞങ്ങൾ ഒരുമിച്ചു കൈകാര്യം ചെയ്യുന്നുവെന്നും കുൽദീപ് സിങ് പറഞ്ഞു.