‘പോളിങ് കുറഞ്ഞു, 5 ലക്ഷം ഭൂരിപക്ഷം ലഭിക്കില്ല’: ബൂത്തു കണക്കുകളിൽ പ്രതീക്ഷവച്ച് യുഡിഎഫ്
Mail This Article
കൽപറ്റ∙ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വയനാട് മണ്ഡലത്തിൽ 4 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിൽ യുഡിഎഫ്. ബൂത്തുകളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവസാന വിലയിരുത്തൽ. 5 ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പോളിങ് കുറഞ്ഞതോടെ 5 ലക്ഷം ലഭിക്കില്ലെന്ന് ഉറപ്പായി.
കാര്യമായി പ്രചാരണം നടത്താതെ എൽഡിഎഫും എൻഡിഎയും മത്സരത്തിൽ നിന്നു പിൻവലിഞ്ഞു നിന്നതും പോളിങ് കുറയാൻ കാരണമായെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്നാൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടെന്നാണ് താഴെത്തട്ടിൽ നിന്നു ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം ഭൂരിപക്ഷം എന്ന അന്തിമ നിഗമനത്തിൽ യുഡിഎഫ് എത്തിച്ചേർന്നത്.
6 മാസത്തെ ഇടവേളയില്‍ നടന്ന തിരഞ്ഞെടുപ്പിൽ വയനാട്ടിലെ പോളിങ്ങില്‍ 8 ശതമാനത്തോളം കുറവാണുണ്ടായത്. 2019ൽ രാഹുൽ ഗാന്ധിക്ക് 4.3 ലക്ഷത്തിൽപരം ഭൂരിപക്ഷം ലഭിച്ചപ്പോൾ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്. കഴിഞ്ഞ തവണ 73.57%. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പോളിങ് 64.72 ശതമാനമായി ഇടിഞ്ഞു. അതോടെ പ്രിയങ്കയുടെ 5 ലക്ഷം ഭൂരിപക്ഷം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. എൽഡിഎഫിനും എൻഡിഎയ്ക്കും പരമ്പരാഗത വോട്ടുകൾ മാത്രമേ ലഭിക്കാൻ ഇടയുള്ളുവെന്നും അതിനാൽ പ്രിയങ്കയ്ക്ക് 4 ലക്ഷം ഭൂരിപക്ഷം കടക്കാനാകുമെന്നുമാണ് പ്രതീക്ഷ.
പ്രിയങ്കയ്ക്ക് എളുപ്പത്തിൽ ജയിക്കാനാകില്ലെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. പ്രിയങ്ക ജയിച്ചാലും ചെറിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് നേതൃത്വം പറയുന്നു. പോളിങ് കുറഞ്ഞതോടെ യുഡിഎഫ് പറയുന്ന ലക്ഷങ്ങളൊന്നും കിട്ടാൻ പോകുന്നില്ലെന്നുമാണ് മുന്നണിയുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന പ്രചാരണവും അവസാന ഘട്ടത്തിലുണ്ടായ മുനമ്പം വഖഫ് പ്രശ്നവും സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നാണ് എൻഡിഎ കണക്കുകൂട്ടല്‍. പ്രിയങ്കയ്ക്ക് അനായാസ ജയമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് എൻഡിഎ.