ADVERTISEMENT

വാഷിങ്ടൺ ∙ മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യയ്ക്കു കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിട്ടതിനെതിരെ പ്രതി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ കോടതിയിൽ നിന്നും പ്രതികൂല വിധി ഉണ്ടായതിനെ തുടർന്നാണ് തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയ്ക്കു കൈമാറാതിരിക്കാൻ റാണയ്ക്കു മുന്നിലുള്ള അവസാന നിയമ സാധ്യതയാണിത്.

റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നു വിധി പറഞ്ഞ മിലാൻ ഡി സ്മിത്ത്, ബ്രിഡ്ജെറ്റ് എസ്. ബേഡ്, സിഡ്നി എ ഫിറ്റ്‌സ്വാറ്റർ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ പാനൽ കണ്ടെത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യാൻ സാധിക്കുക. കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാൻ കഴിയുമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബൈ ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യയിലേക്കു വിചാരണയ്ക്കു കൈമാറാൻ മജിസ്‌ട്രേറ്റ് ജഡ്ജി നൽകിയ ഉത്തരവിനെതിരെ റാണ സമർപ്പിച്ച ഹർജി കലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണു യുഎസ് അപ്പീൽ കോടതി റാണയുടെ അപ്പീൽ തള്ളിയത്. 

2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.

റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.

English Summary:

Tahawwur Rana approached US Supreme Court against extradition to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com