കാഫിർ സ്ക്രീൻ ഷോട്ട്: കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം അനുവദിച്ച് കോടതി
Mail This Article
വടകര∙ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ച് കോടതി. ഈ മാസം 25ന് വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. കേസ് 29നായിരിക്കും കോടതി പരിഗണിക്കുക. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇന്നായിരുന്നു അന്വേഷണ പുരോഗതിയും ഫൊറൻസിക് പരിശോധനാ ഫലം സംബന്ധിച്ച നിലവിലെ സ്ഥിതിയും പൊലീസ് കോടതിയിൽ സമർപ്പിക്കേണ്ടിയിരുന്നത്. കേസിൽ അന്വേഷണം പൂർത്തിയായില്ലെന്നും പുരോഗമിക്കുകയാണെന്നും സമയം നീട്ടി നൽകണമെന്നും പൊലീസ് കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണ് സമയം നീട്ടി നൽകിയത്.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ ഇപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.
ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടേയും മുഹമ്മദ് കാസിമിന്റെയും ഫോൺ പിടിച്ചെടുത്ത പൊലീസ് ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഇവയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.