വിജയാദിത്യനായി ഫഡ്നാവിസ് ; വീണ്ടും കരുത്ത് തെളിയിച്ച് മോദി–ഷാ സഖ്യം ; ഇനി പവാറിന്റെ ആ സ്വപ്നം നടക്കുമോ ?
Mail This Article
മുംബൈ ∙ പരമ്പരാഗത സഖ്യങ്ങള്‍ തകരുകയും പുതിയ സഖ്യങ്ങള്‍ ഉദിക്കുകയും ചെയ്ത അഞ്ചു വർഷത്തിനു ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് തിളക്കമാർന്ന വിജയം. എക്സിറ്റ് പോൾ ഫലങ്ങളെ സാധൂകരിക്കുന്ന വിജയമാണ് മഹായുതി നേടിയത്. പിളർന്ന് രണ്ടു മുന്നണികളിലായി നിലകൊണ്ട ശിവസേനയ്ക്കും എൻസിപിക്കും നിർണായകമായിരുന്ന തിരഞ്ഞെടുപ്പിൽ ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും കരുത്തറിയിച്ചു.
ഭരണവിരുദ്ധ വികാരത്തിനുള്ള സാധ്യതയും ശിവസേന, എൻസിപി എന്നീ പാർട്ടികളെ പിളർത്തിയെന്ന ആക്ഷേപവും നിലനിൽക്കെയാണ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ മഹായുതി സഖ്യം വിജയിച്ചത്. ഭരണം നഷ്ടപ്പെടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ച ഹരിയാനയിൽ മിന്നുംവിജയം നേടിയതിനു പിന്നാലെ മഹാരാഷ്ട്രയിലും വിജയിച്ചത് ബിജെപിക്ക് ഇരട്ടി മധുരമായി. അതേസമയം ഭരണം പിടിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഹരിയാനയിലെ പരാജയത്തിനു പിന്നാലെ മഹാരാഷ്ട്രയിലും പരാജയപ്പെട്ടതോടെ, തകർച്ചയുടെ നാളുകൾക്കു ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിലൂടെ കോൺഗ്രസ് തിരിച്ചുവരുന്നുവെന്നുണ്ടായ വിലയിരുത്തലുകൾ അസ്ഥാനത്തായി.
സംസ്ഥാനത്തെ മുന്നണിരാഷ്ട്രീയത്തിൽ കഴിഞ്ഞ നാളുകളിലുണ്ടായ അനിശ്ചിതത്വങ്ങൾക്കു ശേഷം കരുത്തു തെളിയിക്കാൻ ഇരുസഖ്യങ്ങൾക്കും ലഭിച്ച അവസരമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. പാർട്ടി പിളർത്തി ബിജെപിക്കൊപ്പം ചേർന്ന ശിവസേന ഷിൻഡെ വിഭാഗത്തിനും എൻസിപി അജിത് പവാർ വിഭാഗത്തിനും ഇതു നിലനിൽപ്പിന്റെ കൂടി പോരാട്ടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു റാലികളിൽ പോലും ഒഴിവാക്കപ്പെട്ട അജിത് പവാറിന് ഈ തിരഞ്ഞെടുപ്പ് ഫലം അത്രമേൽ നിർണായകമായിരുന്നു. തോറ്റാൽ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഒപ്പം ശരദ് പവാർ വിഭാഗത്തിനത് ശക്തമായ രാഷ്ട്രീയ വിജയവുമാകുമായിരുന്നു.
മുന്നണി മാറ്റത്തിനും പിളർപ്പുകൾക്കും ശേഷം രൂപംകൊണ്ട മഹാ വികാസ് അഘാഡിയും (ഇന്ത്യാ മുന്നണി) മഹായുതിയും (എൻഡിഎ) തമ്മിലുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മഹായുതി സഖ്യം കരുത്തുതെളിയിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലും അലയൊലികളുണ്ടാകും. ഭരണം പിടിച്ചാൽ ടിഡിപിയെയും ജെഡിയുവിനെയും ഒപ്പംകൂട്ടി അടുത്ത ലോക്സഭാ തിരഞ്ഞെടുുപ്പിൽ കേന്ദ്രഭരണം പിടിക്കാമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയുടെ ബലത്തിൽ അധികാരം നിലനിർത്തുന്ന നരേന്ദ്ര മോദി സർക്കാരിന് ഈ ജനവിധി ആശ്വാസം പകരും.