മോദി–ഷാ സഖ്യത്തെ നേരിടാൻ രാഹുൽ–പ്രിയങ്ക സഖ്യം ! ജാർഖണ്ഡിലുണ്ട് ‘ഇന്ത്യാ’ ഗേറ്റ് ; ഈ ‘പവാർ’ പോര
| Maharashtra Assembly Election Results 2024
Mail This Article
കോട്ടയം ∙ മറാത്താ യുദ്ധം ദേശീയ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും ? ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്നാമൂഴം ലഭിച്ചതിനു ശേഷം എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലായിരുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണിയുടെ ശിൽപിയായ ശരദ് പവാറിന്റെ തട്ടകം. ഭരണം നടത്തുന്ന എൻഡിഎ മുന്നണിയുടെ ആശയ തലസ്ഥാനമായ ആർഎസ്എസിന്റെ ആസ്ഥാനമായ സംസ്ഥാനം. അതിലും ഉപരി സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്നാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ള ഫണ്ട് ഒഴുകുന്നതും. ഇനി ഉടനെ നടക്കാനുള്ള ഡൽഹി തിരഞ്ഞെടുപ്പാണ്. എൻഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായി മഹാരാഷ്ട്രയും ജാർഖണ്ടും മാറുന്നതിനു കാരണം ഇവയാണ്. മഹാരാഷ്ട്രയിൽ മിന്നുന്ന വിജയം ബിജെപി നേടിയപ്പോൾ പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷയായി ജാർഖണ്ഡ് മാറി. രാഷ്ട്രീയ പാർട്ടികൾക്കും ജനാധിപത്യത്തിനും ജനങ്ങൾ നൽകുന്നത് ഒറ്റ സന്ദേശം. താക്കോൽ ഞങ്ങളുടെ പക്കലാണെന്ന്. മഹാരാഷ്ട്രാ, ജാർഖണ്ഡ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന എട്ടു സൂചനകൾ.
1. ശക്തി തെളിയിച്ച് മോദി – ഷാ സഖ്യം
ബിജെപിയിൽ മോദി–ഷാ സഖ്യം കരുത്തോടെ തുടരും. ഹരിയാന വിജയത്തിനു ശേഷം മഹാരാഷ്ട്ര കൂടി ജയിച്ചതോടെ ബിജെപിയിലും സഖ്യം അജയ്യ ശക്തിയായി തുടരുന്നു. ലോക്സഭയിലെ തിരിച്ചടിക്കു ശേഷം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വത്തിലേക്ക് ഉയരാനുള്ള സാധ്യതയ്ക്കും വെല്ലുവിളി. അതേ സമയം ജാർഖണ്ഡ് നഷ്ടപ്പെട്ടത് ഇരുവരുടെയും മേൽക്കോയ്മയ്ക്ക് വെല്ലുവിളിയാണ്. ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിലും മോദി–ഷാ നിലപാട് നിർണായകമാകും.
2. വഴിത്തിരിവിൽ ഇന്ത്യാ മുന്നണി
മഹാരാഷ്ട്ര നഷ്ടപ്പെട്ട് ജാർഖണ്ഡ് പിടിച്ചെടുത്ത ഇന്ത്യാ മുന്നണി പരീക്ഷണം നേരിടുന്നു. മുന്നണിയുടെ പരീക്ഷണ ശാലയായ മഹാരാഷ്ട്ര നഷ്ടപ്പെട്ടു. ശിൽപ്പികളിൽ ഒരാളായ ശരദ് പവാർ ദുർബലനായി. ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ സ്ഥിതിയും ഭേദമല്ല. മുന്നണി രൂപപ്പെട്ടു, പക്ഷേ ശിവസേനയിൽനിന്നു കോൺഗ്രസിലേക്കും തിരിച്ചും വോട്ട് മാറ്റം നടന്നില്ല. നേതൃത്വം പറഞ്ഞതു പോലെ അണികൾ വോട്ടു ചെയ്തില്ല. ഇതാണ് തോൽവിക്കു കാരണമെന്ന് പറയപ്പെടുന്നു. തിരിച്ചടി മുന്നണിയുടെ കെട്ടുറപ്പിനെയും ഭാവിയെയും ബാധിച്ചേക്കും.
3. ജാർഖണ്ഡിൽ ‘ഇന്ത്യ’യ്ക്കുള്ള വഴി
ജാർഖണ്ഡിൽ ജെഎംഎം ഏകോപനമാണ് വിജയത്തിനു കാരണം. ആദിവാസി മേഖല ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് ഒപ്പം നിന്നു. വോട്ടുകൾ മാറുന്നതിന് തടസമുണ്ടായില്ല. ഷിബു സോറനെ ബിജെപി ജയിലിൽ അടച്ചത് ഏകോപനത്തിന് വഴിയൊക്കി. പ്രാദേശിക പാർട്ടികളുടെ ശക്തിയിൽ ഇന്ത്യാ സഖ്യത്തിന് മുന്നോട്ടു പോകാമെന്ന് ജാർഖണ്ഡ് സൂചിപ്പിക്കുന്നു. ഡിഎംകെയുടെ പിൻബലത്തിൽ തമിഴ്നാട് നേടിയതു പോലെ.
4. തിളക്കം കുറഞ്ഞോ ? ഇനി രാഹുൽ–പ്രിയങ്ക സഖ്യമോ
ലോക്സഭാ തിരഞ്ഞെടുപ്പോടെ തിളക്കമാർന്ന തിരിച്ചു വരവാണ് രാഹുൽ ഗാന്ധി നടത്തിയത്. ലോക്സഭയിലെ ആദ്യ പ്രസംഗം ആ ആത്മവിശ്വാസം വിളംബരം ചെയ്തു. ആ ആത്മവിശ്വാസത്തിൽ ഇനിയും പ്രസംഗിക്കാൻ കഴിയുമോ ? കോൺഗ്രസിന് ശക്തിയുള്ള ഹരിയാനയും മഹാരാഷ്ട്രയും നഷ്ടപ്പെട്ടത് തിളക്കം കുറയ്ക്കും. അതേ സമയം പ്രിയങ്ക കൂടി ലോക്സഭയിൽ എത്തുന്നത് പോരാട്ടം തുടരാൻ കരുത്തേകും.
5. ഷിൻഡേയുടെ പദവിയോ, നഡ്ഡയുടെ പിൻഗാമിയോ
ദേവേന്ദ്ര ഫഡ്നാവിസിന്റെ തിരിച്ചുവരവിനും മഹാരാഷ്ട്ര വഴിയൊരുക്കി. പണ്ടേ മോദിക്കു വെല്ലുവിളിയാണ് ഫഡ്നാവിസ്. പിൻഗാമിയാകാനുള്ള എല്ലാ ഗുണങ്ങളുണ്ട്. ആർഎസ്എസിനും പ്രിയങ്കരൻ. കേന്ദ്രത്തിൽ നരേന്ദ്ര, മഹാരാഷ്ട്രയിൽ ദേവേന്ദ്ര എന്ന മുദ്രാവാക്യം വന്നതോടെ മോദിയും ഷായും കാര്യം മനസിലാക്കിയിരുന്നു. ഷിൻഡേയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയതും ഫഡ്നാവിസിന്റെ ശക്തി കുറച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ചോദിക്കുമോ അതോ ബിജെപി അധ്യക്ഷ സ്ഥാനം കൊടുക്കേണ്ടി വരുമോ എന്ന ചർച്ചയും സജീവം.
6. മറാത്തയിലെ പവാർ ഗ്രൂപ്പ് ആരുടേത്
ശരദ് പവാറിന്റെ പതനത്തിനും മരുമകൻ അജിത് പവാറിന്റെ യാത്രയ്ക്കും തുടക്കം. പ്രതിപക്ഷ സഖ്യത്തിന്റെ ശിൽപ്പിയായ ശരദ് പവാറിന്റെ പിൻബലം മുംബൈ കോട്ടയായിരുന്നു. അതു പൊളിഞ്ഞു. പാർട്ടി പിളർത്തിയ അജിത് പവാറിന് 35 സീറ്റുകളുണ്ട്. പവാറിന്റെ പൈതൃകം അജിത്തിലെത്തുമോ എന്ന ചോദ്യവും ഉയരുന്നു. പിൻഗാമിയായി മകൾ സുപ്രിയ സുലെയുടെ ഭാവിയും.
7. ശിവസേന സിംഹാസനം ആർക്ക്
ശിവസേന ആരുടെതെന്ന തർക്കം കോടതിയിലാണ്. രാഷ്ട്രീയ പൈതൃകം ഷിൻഡേ വിഭാഗം അവകാശപ്പെട്ടു കഴിഞ്ഞു. ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെയുടെ മേധാവിത്വവും ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം ആദിത്യ താക്കറെയുടെ വഴികളിലേക്ക് ശിവസേന നീങ്ങിയേക്കാം. ചിലപ്പോൾ സേനകളുടെ ഐക്യത്തിനും.
8. വിലപേശൽ ശേഷി കുറഞ്ഞ് നിതീഷും നായിഡുവും
സഖ്യകക്ഷികളുടെ ബലത്തിലാണ് മോദി 3.0. എപ്പോൾ വീഴുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യാ സഖ്യം. സഖ്യകക്ഷികളിൽ പ്രബലരായ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും സമ്മർദ്ദം കുറയേണ്ടി വരും. വോട്ടു നേടാനും തിരഞ്ഞെടുപ്പു ജയത്തിനും മോദി തന്നെ മുന്നിൽ വേണമെന്ന് ഫലം തെളിയിക്കുന്നു.