‘ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ല; ചേലക്കരയിലെ ലീഡ് രമ്യ മൂന്നിലൊന്നാക്കി ചുരുക്കി’
| Chelakkara Kerala Bypoll Election News
Mail This Article
തിരുവനന്തപുരം∙ ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരൻ പറഞ്ഞു.
വര്‍ഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കൾ വരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണം. ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിനു മികച്ച വിജയം നേടാൻ സാധിച്ചെന്നും കെ. സുധാകരന്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവികാരം ഉപതിരഞ്ഞടുപ്പില്‍ ആളിക്കത്തിയിട്ടുണ്ട്. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിൽ നേടിയ വന്‍ഭൂരിപക്ഷം അതിന്റെ അളവുകോലാണ്. ചേലക്കരയില്‍ 39,400 വോട്ടിന്റെ ലീഡിനെ മൂന്നിലൊന്നാക്കി ചുരുക്കാന്‍ രമ്യ ഹരിദാസിനു സാധിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കു ലഭിച്ച വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ്. ഗാന്ധി കുടുംബത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പറഞ്ഞു.