ADVERTISEMENT

തിരുവനന്തപുരം∙ മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പു നൽകിയത്. ഭൂപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ആരേയും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ  അറിയിച്ചു.  

നോട്ടിസ് അടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ്  അംഗീകരിച്ചിട്ടുണ്ട്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന്‍ മുൻ‌പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുൻപാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്.

നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മന്ത്രിമാരായ കെ.രാജൻ, പി. രാജീവ്, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കലക്ടർ എന്‍.എസ്.കെ‍. ഉമേഷ് എന്നിവരും സമരസമിതി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

English Summary:

Munambam Land Dispute: Chief Minister Pinarayi Vijayan has pledged to find a resolution that safeguards the interests of current residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com