ഉപതിരഞ്ഞെടുപ്പിൽ രാജ്യത്ത് എൻഡിഎ തരംഗം; ബംഗാളിൽ വിവാദങ്ങളിൽ പതറാതെ ശക്തി കാട്ടി മമത
| India By Poll Election Results 2024
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ തരംഗം. കർണാടകയിൽ കോൺഗ്രസും ബംഗാളിൽ തൃണമൂലും തൂത്തുവാരിയപ്പോൾ മറ്റിടത്തെല്ലാം ബിജെപിയുടെയും ഘടകകക്ഷികളുടെയും തേരോട്ടമായിരുന്നു.
യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളിൽ 6 ഇടത്ത് ബിജെപിയും ഒന്നിൽ ഘടകക്ഷിയായ ആൽഎൽഡിയും വിജയിച്ചു. 2 ഇടത്ത് മാത്രമാണ് സമാജ്‌വാദി പാർട്ടി വിജയിച്ചത്. ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 6 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസ് തൂത്തുവാരി. ആർജി കർ വിവാദവും മമതയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളും തൃണമൂലിനെ പ്രതികൂലമായി ബാധിച്ചില്ല. സിക്കിമിൽ എൻഡിഎ ഘടകകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിലും ബിജെപി വിജയിച്ചു.
രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 7 സീറ്റുകളിൽ 5 ഇടത്തും ബിജെപി വിജയിച്ചു. ഇവിടെ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ആശ്വാസ ജയം ലഭിച്ചത്. ഒരു സീറ്റിൽ ഭാരത് ആദിവാസി പാർട്ടിയും വിജയിച്ചു. പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളിൽ 3 ഇടത്തും ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ ജയിച്ചു. ഇവിടെയും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ആശ്വാസ ജയം ലഭിച്ചത്. പഞ്ചാബിൽ ബിജെപിക്ക് വിജയിക്കാനായില്ല. മേഘാലയയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ എൻഡിഎ വിട്ട എൻപിപി വിജയിച്ചു.
മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ ബിജെപിയും മറ്റൊന്നിൽ കോൺഗ്രസും വിജയിച്ചു. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും കോൺഗ്രസ് ജയിച്ചു. ഗുജറാത്തിലെയും ഛത്തീസ്ഗഡിലെയും ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളിലും ബിജെപി വിജയിച്ചു.
അസമിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും എൻഡിഎ തൂത്തുവാരി. 3 ഇടത്ത് ബിജെപിയും 2 ഇടത്ത് എൻഡിഎ ഘടകകക്ഷികളുമാണ് വിജയിച്ചത്. ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും എൻഡിഎ തൂത്തുവാരി. 2 ഇടത്ത് ബിജെപിയും ഒരു സീറ്റിൽ ജെഡിയുവുമാണ് വിജയിച്ചത്. ഒരു സീറ്റ് ഹിന്ദുസ്ഥാനി അവാമി മോർച്ചയും വിജയിച്ചു.