‘യുഡിഎഫ് ജയത്തിൽ പാതിരാ, സ്പിരിറ്റ്, പരസ്യ നാടകങ്ങൾക്ക് പങ്ക്; ക്രെഡിറ്റ് അവര്‍ക്ക് നല്കുന്നു’
| Palakkad Kerala Bypoll Election News
Mail This Article
കൊച്ചി∙ യുഡിഎഫിന് പാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതില്‍ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈ നാടകങ്ങളുടെയെല്ലാം സ്‌ക്രിപ്റ്റ് മന്ത്രി എം.ബി.രാജേഷും ബന്ധുവും ചേര്‍ന്ന് എഴുതിയതാണ്. പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചേലക്കരയിലെ ഭൂരിപക്ഷത്തില്‍ 28000 വോട്ടിന്റെ കുറവുണ്ടായിട്ടും പൊതുമരാമത്ത് മന്ത്രി പറഞ്ഞത് പിണറായി വിജയന്‍ തിളങ്ങി നില്‍ക്കുന്നു എന്നാണ്. ഇത്രയും വലിയ തോല്‍വി ഉണ്ടായിട്ടും മുഖ്യമന്ത്രി എങ്ങനെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് സിപിഎം അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിശ്വസിച്ചാല്‍ മതി. കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാതെ ബിജെപിയിലും സീറ്റ് അന്വേഷിച്ച് പോയ ആളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ രണ്ടാം സ്ഥാനത്തിനു വേണ്ടി മത്സരിക്കാനുള്ള അവകാശമാണ് സിപിഎം നഷ്ടപ്പെടുത്തിയത്. മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും ബിജെപിയെ ദുര്‍ബലപ്പെടുത്താനല്ല, കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബിജെപിക്ക് വിജയം ഒരുക്കാനാണ് സിപിഎം പരിശ്രമിച്ചത്. സിപിഎമ്മും ബിജെപിയും ഒന്നിച്ചാണ് മത്സരിച്ചത്. അതുകൊണ്ടാണ് പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത്.
പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. 18000 എന്ന ഭൂരിപക്ഷം ബിജെപിയുടെയും സിപിഎമ്മിന്റെയും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരാണ് ഈ തിരഞ്ഞെടുപ്പില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തിയത്. അതിനെല്ലാമുള്ള മറുപടിയാണ് പാലക്കാട്ടെ ഭൂരിപക്ഷം. കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമെ കേരളത്തില്‍ ബിജെപിയെ പിടിച്ചുകെട്ടാന്‍ കഴിയൂവെന്നുള്ള പ്രഖ്യാപനം കൂടിയാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.