ADVERTISEMENT

ചേലക്കര∙ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. മൂവായിരത്തിലധികം വോട്ടുകളാണ് അദ്ദേഹം നേടിയത്. 

ഉപതിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കി സമ്മർദ ശക്തിയാകാനായിരുന്നു അൻവറിന്റെ ലക്ഷ്യം. ചേലക്കരയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ തമ്മിലുള്ള ഭൂരിപക്ഷം നേർത്തതാകുകയും ഡിഎംകെ സ്ഥാനാർഥി വിജയത്തെ സ്വാധീനിക്കുന്ന വോട്ടുകൾ നേടുകയും ചെയ്തിരുന്നെങ്കിൽ അൻവറിന് നേട്ടമായേനെ. അങ്ങനെ സംഭവിച്ചില്ല. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ഒരു ഘട്ടത്തിലും പിന്നിൽ പോയില്ല. അൻവറിന്റെ പാർട്ടി രൂപീകരണ ശ്രമങ്ങൾക്കും തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.

നിലമ്പൂരിലെ ഇടതു സ്വതന്ത്ര എംഎൽഎയായ അൻവർ പൊലീസ് സേനയിലെ അഴിമതിക്കെതിരെ പ്രതിഷേധിച്ച് പരസ്യ വിമർശനവുമായി രംഗത്തെത്തിയത് സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രംഗത്തെത്തിയതോടെ സിപിഎം താക്കീത് നൽകി. വിമർശനം തുടർന്നതോടെ അൻവറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. തുടർന്നാണ് പാർട്ടി രൂപീകരിച്ചത്. ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയെങ്കിലും പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചു. വയനാട്ടിൽ സ്ഥാനാർഥിയെ നിർത്തിയില്ല.

English Summary:

Chellakkara Election Results Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com