ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ഇളമുറക്കാരുടെ പോരാട്ടത്തിൽ തിളക്കമാർന്ന വിജയവുമായി ആദിത്യ താക്കറെ. വർളി നിയമസഭാ മണ്ഡലത്തിൽ നടന്ന താരപോരാട്ടത്തിൽ താക്കറെ കുടുംബത്തിലെ ഇളമുറക്കാരനായ മുൻ മന്ത്രി ആദിത്യ താക്കറെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തുടർച്ചയായ രണ്ടാം തവണയും ജയിച്ചത്. കോൺഗ്രസിൽനിന്നു രാജിവച്ച് ശിവസേനാ ഷിൻഡെ വിഭാഗത്തിൽ എത്തിയ മുൻ എംപിയും മുൻ േകന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്റയായിരുന്നു എതിരാളി.

ശിവസേനയുടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ 8801 വോട്ടുകൾക്കാണ് ആദിത്യ താക്കറെ മണ്ഡലം നിലനിർത്തിയത്. ആദിത്യയ്‌ക്ക് 63,324 വോട്ടുകൾ ലഭിച്ചപ്പോൾ മിലിന്ദ് ദേവ്റയ്ക്ക് 54,523 വോട്ടുകൾ നേടി. ശിവസേനയുടെ മറാഠ വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് കരുതിയിരുന്ന, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനാ സ്ഥാനാർഥി സന്ദീപ് ദേശ്പാണ്ഡെയ്‌ക്ക് 19,367 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 

മിലിന്ദ് ദേവ്റ
മിലിന്ദ് ദേവ്റ

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കൊച്ചുമകനാണ് ആദിത്യ. മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ മകനാണ്. താക്കറെ കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെയാളാണ് ആദിത്യ. 2019 –ൽ കന്നി മത്സരത്തിനിറങ്ങിയ ആദിത്യ, 67,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻസിപി നേതാവ് സുരേഷ് മാനെയെ പരാജയപ്പെടുത്തിയത്. മഹാ വികാസ് അഘാഡി സർക്കാരിൽ പരിസ്ഥിതി, ടൂറിസം മന്ത്രിയായിരുന്നു. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി ദേവ്റയുടെ മകനാണ് മിലിന്ദ് ദേവ്റ. 

English Summary:

Aaditya Thackeray wins epic clash against Milind Deora in Maharashtra assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com