‘മോദിക്കെതിരെ വ്യാജ റിപ്പോർട്ട് തയാറാക്കിയവർ ക്രിമിനലുകൾ’: ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിൻ ട്രൂഡോ
Mail This Article
ബ്രാംപ്ടൺ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർക്ക് കനേഡിയൻ മണ്ണിൽ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ റിപ്പോർട്ട് തയാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് ട്രൂഡോ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും കനേഡിയൻ മണ്ണിൽ നടന്ന അക്രമങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കാനഡ വ്യാഴാഴ്ച അറിയിച്ചതിന് പിന്നാലെയാണ് സംഭവം.
വ്യാജ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു. ഇത്തരം നടപടികൾ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലിൽ വച്ച് നടന്ന ജി20 ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും പരസ്പരം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ റിപ്പോർട്ട് വിവാദത്തിൽ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ട്രൂഡോ രംഗത്തെത്തിയത്. വെള്ളിയാഴ്ച ബ്രാംപ്ടണിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ട്രൂഡോയുടെ ‘സ്വയം വിമർശനം’.
കനേഡിയൻ മണ്ണിൽ നടന്ന ആക്രമണങ്ങളിലെ ഗൂഢാലോചനയെ കുറിച്ച് പ്രധാനമന്ത്രി മോദിക്ക് അറിയാമെന്ന് കനേഡിയൻ സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നുവെന്നും ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് ഗ്ലോബ് ആൻഡ് മെയിൽ പത്രം കഴിഞ്ഞ ആഴ്ച ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രവാർത്തയിലെ വിവരങ്ങൾ നിഷേധിച്ച് കാനഡ പ്രസ്താവന പുറത്തിറക്കിയത്.