റൂട്ട് തല തർക്കവും കൊലപാതകവും; വിദ്യാർഥികളെ നിലയ്ക്ക് നിർത്താൻ മദ്രാസ് ഹൈക്കോടതി
Mail This Article
ചെന്നൈ∙ ഐക്യത്തോടെ പ്രവർത്തിക്കുന്നതിനു പകരം സംഘം ചേർന്നു കലാപത്തിലേർപ്പെടുന്ന വിദ്യാർഥികളെ നിലയ്ക്കു നിർത്താൻ തീരുമാനിച്ച് മദ്രാസ് ഹൈക്കോടതി. അക്രമത്തിലേർപ്പെട്ട് ജീവിതം നശിപ്പിക്കുന്നതിനു പകരം വിദ്യാർഥികളെ നേർവഴിക്കു നയിക്കുന്നതിനു സാധ്യമായ വഴികളെ കുറിച്ചു വിവിധ വിഭാഗങ്ങളിൽ നിന്നു അഭിപ്രായം കേൾക്കാൻ ഹൈക്കോടതി ജസ്റ്റിസ് എ.ഡി.ജഗദീഷ് ചന്ദ്ര തീരുമാനിച്ചു. റൂട്ട് തല തർക്കവുമായി ബന്ധപ്പെട്ട് സെൻട്രൽ സബേർബൻ റെയിൽവേ സ്റ്റേഷനിൽ പ്രസിഡൻസി കോളജിലെ വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ പച്ചയപ്പാസ് കോളജ് വിദ്യാർഥികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
വിധി പറയുന്നതിനു മുൻപ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, എസ്എഫ്ഐ, കോളജ് അധ്യാപകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരിൽ നിന്ന് അഭിപ്രായം കേൾക്കാനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാനുമാണു തീരുമാനം. യാത്രയ്ക്കിടെ ആധിപത്യം സ്ഥാപിക്കാനുള്ള വിദ്യാർഥികളുടെ ശ്രമത്തിന്റെ ഫലമായാണു കുറ്റകൃത്യം നടന്നതെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പാവപ്പെട്ട മാതാപിതാക്കൾക്ക് അവരുടെ ഏക മകനെയാണു നഷ്ടപ്പെട്ടത്. തങ്ങളുടെ മക്കൾ ജയിലിൽ കിടക്കേണ്ടി വന്നത് കുറ്റവാളികളുടെ മാതാപിതാക്കൾക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.