‘വിമർശിച്ചത് സാദിഖലി തങ്ങളുടെ രാഷ്ട്രീയ നിലപാട്; തിരഞ്ഞെടുപ്പ് വിജയമല്ല, നാടിന്റെ ഭാവിയാണ് ആലോചിക്കേണ്ടത്’
Mail This Article
കോഴിക്കോട്∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനൊപ്പം അണിനിരന്നെന്നും കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെന്ന മട്ടിലാണു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രി മുൻപ് ആരോപിച്ചത്. ഇതിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു.
‘‘ ജമാഅത്തെ ഇസ്‍ലാമിയെയും എസ്ഡിപിഐയെയും വലിയ രീതിയിൽ സഹകരിപ്പിക്കാൻ ലീഗ് തയാറായിരുന്നില്ല. ഇപ്പോഴാണ് തയാറായത്. പാണക്കാട് തങ്ങൾക്കെതിരെയുള്ള വിമർശനമല്ല, രാഷ്ട്രീയ നിലപാടിനെതിരെയുള്ള വിമർശനമാണ് നടത്തിയത്. അദ്ദേഹം ലീഗിന്റെ പ്രസിഡന്റാണ്. സ്വാഭാവികമായും ലീഗ് എടുക്കുന്ന രാഷ്ട്രീയ നിലപാടിന്റെ പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തിനാണ് വരുന്നത്’’–മുഖ്യമന്ത്രി പറഞ്ഞു.
മുസ്‌ലിം ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന വ്യത്യസ്തമായ മതസംഘടനകളുണ്ട്. അവരാരും ഈ പറയുന്ന ജമാഅത്തെ ഇസ്‍ലാമിയെയും എസ്ഡിപിഐയെയും അംഗീകരിക്കുന്നില്ല. എൽഡിഎഫിനെ പരാജയപ്പെടുത്താൻ അവരുടെ വോട്ടുവേണം എന്ന ചിന്തയിലാണ് സിപിഎമ്മിന്റെ എതിരാളികൾ അവരുമായി സഹകരിക്കുന്നത്. എങ്ങനെയാണ് ഇത്തരം തീവ്രവാദ വിഭാഗങ്ങളെ അംഗീകരിക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പിലെ വിജയമല്ല നാടിന്റെ ഭാവിയാണ് ആലോചിക്കേണ്ടത്. വർഗീയതയെ എതിർക്കാൻ കഴിയണം.
ചേലക്കരയിൽ വിജയിച്ചാൽ രാഷ്ട്രീയ വിജയം ഉണ്ടാകുമെന്ന് കോൺഗ്രസ് കരുതി. സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് അവർ പ്രചരിപ്പിച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താമെന്ന് കണക്കുകൂട്ടി എല്ലാ വിഭാഗത്തെയും അണിനിരത്തിയെങ്കിലും ഞങ്ങൾ വിജയിച്ചു. ജനങ്ങൾ എൽഡിഎഫിനൊപ്പം ഭദ്രമായി അണിനിരന്നു. എൽഡിഎഫിന് ഒരു കോട്ടവും സംഭവിച്ചില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നില ശോഷിക്കുമ്പോഴാണ് വലിയ ക്ഷീണം സംഭവിച്ചു എന്നു പറയാൻ കഴിയുക. പാലക്കാട് എൽഡിഎഫ് വോട്ട് വിഹിതം കുറഞ്ഞില്ല. ചേലക്കരയിൽ യുഡിഎഫ് വോട്ട് കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന് നല്ല രീതിയിൽ അവിടെ വോട്ട് കൂടി. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ പിന്തുണ ലഭിച്ചു. ബിജെപി വലിയ തോതിൽ പുറകോട്ടുപോയതായും മുഖ്യമന്ത്രി പറഞ്ഞു.