ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേടിയ മിന്നും വിജയത്തിനു പിന്നിൽ ആർഎസ്എസിന്റെ നിർണായക ഇടപെടലുകളെന്ന് വിലയിരുത്തൽ. ജൂണിൽ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നിരാശാജനകമായ പ്രകടനത്തെ തുടർന്നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ പങ്ക് വഹിക്കാൻ ആർഎസ്എസ് തീരുമാനിച്ചതെന്ന് മുതിർന്ന സ്വയംസേവകനും ദീർഘകാലം ആർഎസ്എസ് നിരീക്ഷകനുമായ ദിലീപ് ദിയോധർ പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡൽഹിയിലെ ബിജെപി നേതാക്കൾ, ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, ആർഎസ്എസ്-ബിജെപി കോ ഓർഡിനേറ്റർ അരുൺകുമാർ എന്നിവർ ഉൾപ്പെട്ട പ്രധാന ബിജെപി നേതാക്കളുടെ ഒരു ടീമാണ് അതുൽ ലിമായെക്കൊപ്പം ബിജെപിയുടെ വിജയത്തിനായി പ്രവർത്തിച്ചത്. 

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977ലെ തിരഞ്ഞെടുപ്പിലും നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ച 2014ലെ പ്രചാരണത്തിലും കണ്ട ജനസഞ്ചാരത്തെപ്പോലും മറികടക്കുന്ന തരത്തിൽ ഈ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നടത്തിയ പരിശ്രമം അഭൂതപൂർവമായിരുന്നുവെന്ന് ദിലീപ് ദിയോധർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പ്രായോഗികമായി പോരാടിയത് ആർഎസ്എസാണ്, ബിജെപി മാത്രമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വീടുതോറുമുള്ള പ്രചാരണത്തിനൊപ്പം പിന്നാക്ക വിഭാഗങ്ങളുമായും ചെറിയ സമുദായ സംഘടനകളുമായും ആർ‌എസ്എസ് നേതാക്കൾ ഇടപെട്ടു. മതിയായ പ്രാതിനിധ്യവും ക്ഷേമ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ഇവരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മൈക്രോ ഒബിസികൾക്കിടയിൽ അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കാൻ ആർഎസ്എസ് പ്രത്യേകം ശ്രദ്ധിച്ചു.

മറാത്തകളെ ബിജെപി അവഗണിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്. മറാത്താ സംവരണത്തെ ഒബിസി വിഭാഗത്തിൽ പെടുത്താതെ ബിജെപി ആത്മാർഥമായി പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പുനൽകി. വിഷയം സുപ്രീം കോടതിയിൽ എത്തിക്കുമെന്നും ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്നു പ്രവർത്തിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തു. ആർഎസ്എസാണ് ഈ നിർദേശം ബിജെപി നേതൃത്വത്തിന് നൽകിയത്.

വോട്ട് ജിഹാദിന് ആഹ്വാനം ചെയ്ത അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെ വക്താവിനു മറുപടിയായി ഫഡ്‌നാവിസ് മുന്നോട്ട് വച്ച ധർമയുദ്ധ ആഖ്യാനം രൂപപ്പെടുത്തുന്നതിൽ ആർഎസ്എസിന്റെ പങ്കും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാതി സെൻസസ് നടത്താനുള്ള രാഹുൽ ഗാന്ധിയുടെ പ്രേരണയെ തുടർന്ന് ബിജെപിയിൽ നിന്ന് അകന്ന ഹിന്ദു വോട്ടർമാരുടെ ഗണ്യമായ ഒരു ഭാഗത്തെ തിരിച്ചുപിടിക്കാൻ ഈ ആഖ്യാനം വഴി സാധിച്ചെന്നാണ് വിലയിരുത്തൽ. ഹിന്ദു വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ഏകീകരിക്കാൻ ആർഎസ്എസ് നടത്തിയ ഇടപെടലാണ് ഈ തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary:

RSS played a pivotal role in the BJP's resounding victory in the Maharashtra Assembly elections, mobilizing voters and shaping the political narrative.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com