എന്തിനാണ് നേതാക്കൾ ഈ ഹോട്ടലിൽ ഒരുമിച്ചത്? ആ ട്രോളി ബാഗ് പോയത് ഇതിലെ; രഹസ്യചർച്ചകൾ ഈ മുറികളിൽ
Mail This Article
കൊണ്ടും കൊടുത്തും കൊഴുപ്പിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിലെ പ്രധാന ഗോദ ഇന്നലെയോടെ ശാന്തമായി. പാലക്കാട് കോട്ടമൈതാനമോ സെന്‍ട്രൽ സ്റ്റേഡിയമോ അല്ല ഈ ഗോദ. പുറത്തു പല്ലും നഖവും ഉപയോഗിച്ചു പോരാടുന്ന നേതാക്കൾ രാത്രി അടുത്തടുത്ത മുറികളിൽ ഉറങ്ങും. രാവിലെ ഒരുമിച്ചു ഭക്ഷണം കഴിക്കും. കുശലം പങ്കിടും. പിന്നെ പോരടിക്കും. പ്രചാരണത്തിലെ താരമായി മാറിയ ട്രോളി ബാഗ് വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം ഓർമയിലുണ്ടാകും. ആ ട്രോളി ബാഗ് പോകുന്ന ഇടനാഴിയും ഈ തിരഞ്ഞെടുപ്പു ഗോദയിലാണ്. പാലക്കാട് നഗരത്തിലുള്ള കെപിഎം റീജൻസിയാണ് അവിചാരിതമായി പോരാട്ട വേദിയായത്. പെരിന്തൽമണ്ണയിലെ സിപിഎം സ്ഥാനാർഥി ആയിരുന്ന കെ.പി. മുഹമ്മദ് മുസ്തഫയാണ് ഹോട്ടൽ ഉടമ. പക്ഷേ ഹോട്ടലിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയക്കാരും താമസിച്ചത് ഇവിടെ ആയിരുന്നു. പല നിറത്തിലുള്ള ട്രോളി ബാഗുമായാണ് താമസക്കാർ ഇവിടെ വന്നതെന്നതാണ് സത്യം. പൊലീസ് റെയ്ഡ് ഹോട്ടലിൽ ആയിരുന്നു. ട്രോളിബാഗിന്റെ സിസിടിവിയും ഹോട്ടലിലേതു തന്നെ. പ്രചാരണം ഹോട്ടൽ അധികൃതർക്ക് പുലിവാലായി എന്നു മാത്രം.
തിരഞ്ഞെടുപ്പ് വിരുന്നുകാരെല്ലാം ഹോട്ടലിൽ നിന്നും ട്രോളി ബാഗുമായി സ്ഥലംവിട്ടു. തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്നേ തന്നെ നേതാക്കളിൽ ഭൂരിപക്ഷവും ചെക്ക് ഔട്ട് ചെയ്തിരുന്നു. പാർട്ടി രഹസ്യങ്ങൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, അജണ്ടകൾ എല്ലാം രൂപപ്പെട്ടത് ഈ ഹോട്ടലിലെ 4 ചുമരുകൾക്കുള്ളിലാണ്. രാഷ്ട്രീയക്കാരെ എളുപ്പത്തിൽ കിട്ടാൻ മാധ്യമ പ്രവർത്തകരും തമ്പടിച്ചത് ഇവിടെ തന്നെ. 42 മുറികളാണ് ഹോട്ടലിൽ ഉള്ളത്. ഇതിൽ 25 എണ്ണമാണ് ഡീലക്സ് മുറികൾ. ഈ മുറികളാണ് താമസിക്കാനായി രാഷ്ട്രീയക്കാർ തിരഞ്ഞെടുത്തത്. ഇരുപത് ദിവസത്തോളും ഹോട്ടലിൽ സ്ഥിര താമസമാക്കിയ നേതാക്കളുണ്ടായിരുന്നു. ഇതിനിടെ വന്നുപോയവരും ധാരാളം. പി.കെ. ശ്രീമതി, എളമരം കരീം, ടി.വി. രാജേഷ്, എം. സ്വരാജ്, നികേഷ് കുമാർ, എം.വിജിൻ എംഎൽഎ എന്നിവരായിരുന്നു സിപിഎമ്മിൽ നിന്നുള്ള സ്ഥിര താമസക്കാർ. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളിൽ ഷാനി മോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഹോട്ടലിൽ സ്ഥിര താമസമാക്കിയിരുന്ന പ്രമുഖർ. ബിജെപിയിൽ നിന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും ഇടയ്ക്കിടെ താമസത്തിനായി വന്നുപോയി.
റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് തൊട്ടടുത്തായതും നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാലുമാണ് കെപിഎം റീജൻസിയെ നേതാക്കൾ താമസത്തിനായി തിരഞ്ഞെടുത്തത്. ഹോട്ടലിലെ ഹാളുകളിലായിരുന്നു ചാനൽ അഭിമുഖങ്ങൾ ഷൂട്ട് ചെയ്തത്. രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ചാണ് നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. പിന്നീടുള്ള ഭക്ഷണം പുറത്തുനിന്ന്. ചിലർ ഉച്ചയ്ക്ക് വിശ്രമത്തിനായി എത്തുമായിരുന്നു. വൈകീട്ട് പ്രചാരണത്തിനായി ഇറങ്ങിയാൽ പിന്നെ ഉറങ്ങാനായിട്ടായിരിക്കും ഹോട്ടലിൽ എത്തുക. നേതാക്കളെ കാണാൻ ഹോട്ടലിനു പുറത്തും റിസപ്ഷനിലുമെല്ലാം ഖദർധാരികളുടെ വലിയൊരു സംഘം തന്നെ തമ്പടിക്കുമായിരുന്നു.
ഹോട്ടലുകാരെയും ഞെട്ടിച്ച ട്വിസ്റ്റ് മൂന്ന് ആഴ്ചകൾക്ക് മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലെത്തി നിന്നപ്പോഴാണ് സംഭവിച്ചത്. തിരഞ്ഞെടുപ്പിനു പണം എത്തിച്ചെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പാതിരാത്രി പൊലീസിന്റെ പരിശോധന. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ചു കൂടി വാദപ്രതിവാദങ്ങളുമായി സിപിഎമ്മും ബിജെപിയും കോൺഗ്രസും രംഗത്തെത്തിയതോടെ സംഘർഷ സമാനമായ സാഹചര്യമായിരുന്നു പാലക്കാട് ഉടലെടുത്തത്. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് ആയിരുന്നു സിപിഎം ആരോപണം. തൊട്ടുപിന്നാലെ കോഴിക്കോട് നിന്നും രാഹുൽ ഫെയ്സ്ബുക്ക് ലൈവിൽ വന്നു. വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ ഇരച്ചുകയറാനെത്തിയ പൊലീസിനെ ബിന്ദു കൃഷ്ണയും ഷാനി മോളും തടഞ്ഞതും വിവാദമായി. ട്രോളി ബാഗ് കേന്ദ്രീകരിച്ചായിരുന്നു പിന്നീട് തിരഞ്ഞെടുപ്പ് വിവാദങ്ങളെല്ലാം അരങ്ങേറിയത്. രാഹുലിനും സിപിഎം ബിജെപി നേതാക്കൾക്കും സത്യാവസ്ഥ പറയാൻ പലതവണ മാധ്യമങ്ങൾക്കു മുന്നിൽ വരേണ്ടി വന്നു. സിപിഎമ്മിനുള്ളിൽ ഭിന്നതയുമുണ്ടായി. പൊലീസ് ഹോട്ടലിൽ ഉണ്ടായിരുന്നതിനാൽ തന്നെ ആശങ്കകളൊന്നും ഇല്ലായിരുന്നുവെന്നും സിസിടിവി അടക്കം ആവശ്യപ്പെട്ട രേഖകളെല്ലാം തങ്ങൾ ഹാജരാക്കിയിരുന്നുവെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു.