സംസ്ഥാന ബിജെപിയിൽ ഭിന്നത; രാജിവച്ച് നാന പഠോളെ– ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
ഉപതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഉടലെടുത്ത വാക്പോരുകളും സംസ്ഥാന ബിജെപിയിലെ ഭിന്നതകളുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സി.കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി ഉണ്ടായിരുന്നെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പ്രമീള പറഞ്ഞു.
അതിനിടെ, ഉപതിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ നാളെ എറണാകുളത്ത് നേതൃയോഗം ചേരാനിരിക്കെ നേതൃമാറ്റം സംബന്ധിച്ച് ബിജെപിയിൽ ചർച്ചകൾ സജീവം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ പ്രതികരണവുമായി കെ.സുരേന്ദ്രൻ രംഗത്തുവന്നു. അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. അതിൽ വ്യക്തിപരമായ ഒരു താൽപര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പഠോളെ രാജിവച്ചു. വിദർഭ മേഖലയിൽ പാർട്ടിയിലേക്കു വോട്ടുകൾ വീഴ്ത്താൻ കെൽപ്പുള്ളയാളെന്നു പ്രതീക്ഷിച്ച പഠോളെ സ്വന്തം മണ്ഡലമായ സാകോലിയിൽ വെറും 208 വോട്ടുകൾക്കാണ് ജയിച്ചത്.
ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടുവിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന് ഇരുസഭകളും പിരിഞ്ഞു. ബുധനാഴ്ച ഇരുസഭകളും വീണ്ടും ചേരും.
യുപി സംഭലിലെ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിൽ. സംഭലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബർഖ് ഉൾപ്പെടെ 400 പേർക്കെതിരെ പൊലീസ് കേസെടുത്തു.