ADVERTISEMENT

കൊച്ചി ∙ കളമശേരിയിലെ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ സുഹൃത്ത് കൊലപ്പെടുത്തിയത് കടക്കെണിയിൽനിന്നു രക്ഷപ്പെടാൻ. ഏറെ ആസൂത്രണം നടത്തി ചെയ്തതായതിനാൽ പിടിക്കപ്പെടില്ലെന്നു പ്രതി കരുതി. ഓട്ടോറിക്ഷകൾ മാറി കയറി, ഹെൽമറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതി തുടക്കത്തിൽ പൊലീസിനെയും വലച്ചു.

പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടിൽ ജെയ്സി ഏബ്രഹാം (55) ഈ മാസം 17നാണ് കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഗിരീഷ് കുമാറും അയാളുടെ സുഹൃത്ത് കദീജ എന്ന പ്രബിതയുമാണ് കേസിൽ പിടിയിലായത്. ഇവരുടെ പൊതു സുഹൃത്തായിരുന്ന ജെയ്സി അപ്പാർട്ട്മെന്റിൽ ഒരു വർഷമായി തനിച്ചായിരുന്നു താമസം. ജെയ്സിയെ ഫോണിൽ ലഭിക്കാതെ വന്നതോടെ, കാനഡയിലുള്ള മകൾ അറിയിച്ചതനുസരിച്ച് പൊലീസ് അപ്പാർട്ട്മെന്റിലെത്തി. കുളിമുറിയിൽ തലയടിച്ചു വീണ നിലയിൽ കിടന്ന ജെയ്സിയെ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരീഷ് കുമാറും കദീജയും അറസ്റ്റിലായത്.

∙ കടക്കെണി, പിന്നാലെ കൊലപാതകം

എംസിഎ ബിരുദധാരിയും ഐടി കമ്പനിയിലെ ജീവനക്കാരനുമാണ് തൃക്കാക്കര സ്വദേശി ഗിരീഷ് ബാബു. തൃപ്പൂണിത്തുറ ഏരൂർ സ്വദേശിയാണ് കദീജ. ലോൺ ആപ് വഴിയും ക്രെഡിറ്റ് കാർഡിലൂടെയും മറ്റും വൻ തുകയുടെ കടക്കാരനായിരുന്ന ഗിരീഷ് ബാബു കടംവീട്ടാൻ കണ്ടെത്തിയ വഴിയായിരുന്നു ജെയ്സിയുടെ കൊലപാതകം. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച ധാരാളം പണവും സ്വർണാഭരണങ്ങളും ജെയ്സിയുടെ അപാർട്ട്മെന്റിൽ ഉണ്ടാകുമെന്നായിരുന്നു പ്രതികളുടെ ധാരണ. ജെയ്സിയുമായി പരിചയമുള്ള ഗിരീഷ് കുമാർ അപ്പാർട്ട്മെന്റിൽ വച്ചാണ് കദീജയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുപ്പമായി മാറി. ജെയ്സിയെ കൊലപ്പെടുത്തി പണവും സ്വർണവും കവരാമെന്ന് തീരുമാനിച്ച ഇരുവരും 2 മാസം മുൻപു ഗൂഢാലോചന തുടങ്ങിയെന്ന് പൊലീസ് പറയുന്നു. ആരുടേയും കണ്ണിൽപ്പെടാതെ എങ്ങനെ ജെയ്സിയുടെ ഫ്ലാറ്റിലെത്താമെന്ന് 2 വട്ടം ഗീരീഷ് കുമാർ ട്രയൽ നടത്തി.

നവംബർ 17 ഞായറാഴ്ച ജെയ്സിയുടെ ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ചു. തുടർന്ന് രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടിൽനിന്നു ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിന്‍ റോഡിൽ എത്തി. അവിടെനിന്നു രണ്ട് ഓട്ടോറിക്ഷകൾ മാറിക്കയറി ജെയ്സിയുടെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. സിസിടിവിയിൽ മുഖം പതിയാതിരിക്കാന്‍ ഹെൽമറ്റ് ധരിച്ചായിരുന്നു ഗിരീഷ് സഞ്ചരിച്ചത്. രാവിലെ പത്തരയോടെ അപ്പാർട്ട്മെന്റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജെയ്സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. ജെയ്സി നിലവിളിച്ചപ്പോൾ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് കുളിമുറിയിൽ തെന്നി വീണതാണ് എന്നു വരുത്താനായി പ്രതി ജെയ്സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു.

ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ ഗിരീഷ് കുമാർ ധരിച്ചിരുന്ന ഷർട്ട് മാറി ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷർട്ട് ധരിച്ചു. ജെയ്സിയുടെ രണ്ടു സ്വർണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും കവർന്ന് ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാട് ഉള്ളതിനാൽ ജെയ്സിയുടെ അപ്പാർട്ട്മെന്റിൽ ധാരാളം ആളുകൾ വന്നു പോകുന്നതിനാൽ സംശയം തങ്ങളിലേക്ക് വരില്ലെന്നായിരുന്നു പ്രതികളുടെ ധാരണ. കൊലപാതകത്തെ തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങൾ പ്രതി നിരീക്ഷിച്ചു. അപ്പാര്‍ട്ട്മെന്റിന്റെ അകത്തേക്ക് പോകുന്ന ഒരാൾ മറ്റൊരു ഷർട്ട് ധരിച്ച് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ആദ്യ ദിവസങ്ങളിൽ തന്നെ ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ മനസ്സിലായിരുന്നില്ല. എന്നാൽ തുടരന്വേഷണത്തിൽ ഗിരീഷ് കുമാറും കദീജയും കുടുങ്ങി.

English Summary:

Jaisy Abraham Murder Case: The accused had carried out a conspiracy of two months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com