ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർലമെന്റ് തിര‍ഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു എങ്കിൽ ഇപ്പോൾ ഓന്തിന്റെ നിറം മാറുന്നതു പോലെ ഭൂരിപക്ഷ പ്രീണനവുമായി മുന്നോട്ടു പോകുകയാണ് പിണറായിയെന്നും അതിന്റെ ഭാഗമായാണ് മതേതരത്വത്തിന്റെ പ്രതീകമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും ആക്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സതീശൻ മറുപടി പറഞ്ഞു.

‘‘തിര‍ഞ്ഞെടുപ്പു കഴിഞ്ഞാൽ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വയ്ക്കേണ്ടി വരും, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും, കണ്ടകശനിയാണ്, കൊണ്ടേ പോകും എന്നൊക്കെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നത്. പറഞ്ഞതൊക്കെ ശരിയായി, പക്ഷേ അതൊക്കെ സംഭവിച്ചത് അദ്ദേഹത്തിനായിപ്പോയി എന്നു മാത്രം.’’– സതീശൻ പരിഹസിച്ചു.

പാലക്കാട്ടെ യുഡിഎഫ് വിജയത്തിന്റെ പകിട്ട് കളയാൻ ശ്രമിക്കുകയാണ് സിപിഎമ്മെന്ന് സതീശൻ ആരോപിച്ചു. ദയനീയമായ മൂന്നാം സ്ഥാനത്തേക്ക് പോയെന്ന് സിപിഎം ഇനിയെങ്കിലും മനസ്സിലാക്കണം. ചേലക്കരയില്‍ 40,000 വോട്ടിന് ജയിച്ചിടത്ത് വെറും 12,000 വോട്ടിനാണ് ഇത്തവണ വിജയിച്ചത്. 28,000 വോട്ടുകളാണ് കുറഞ്ഞത്. 75,000ത്തോളം വോട്ടുകൾ വയനാട്ടിൽ കുറഞ്ഞു. എന്നിട്ടും പറയുന്നത് ജനവിരുദ്ധ വികാരം ഇല്ല എന്നാണ്. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ പെട്ടി വിഷയം ഉൾപ്പെടെ അര ഡസനോളം വിവാദങ്ങൾ സിപിഎം ഉണ്ടാക്കി. എന്നാൽ എല്ലാം സിപിഎമ്മിന് തിരിച്ചടിച്ചു.

സ്ഥാനാർഥി പ്രചരണാർഥം പോകുമ്പോൾ ഒപ്പം നിന്നു ഫോട്ടോ എടുക്കുകയൊക്കെ ചെയ്യും. അതല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐക്കാരുമായി ചർച്ച നടത്തിയിട്ടില്ല. പിണറായി വിജയന്‍ ഇപ്പോൾ വെൽഫെയർ പാർട്ടിക്കെതിരെ ആഞ്ഞടിക്കുന്നുണ്ട്. പിണറായി വിജയനും ജമാ അത്തെ ഇസ്‍ലാമി അമീറുമൊത്ത് നിൽക്കുന്ന ചിത്രം തന്റെ ഫോണിലുണ്ട് എന്നും സതീശന്‍ പറഞ്ഞു. സിപിഎം എന്നും ജമാ അത്തിനൊപ്പമായിരുന്നു. ജമാ അത്തിനെ സ്വാഗതം ചെയ്തുകൊണ്ട് 1996 ഏപ്രിൽ 22ന് ദേശാഭിമാനിയിൽ എഡിറ്റോറിയൽ ലേഖനം എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘‘പാലക്കാട് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോൾ തങ്ങൾ‍ നിലപാടു പറഞ്ഞിരുന്നു. തിര‍ഞ്ഞെടുപ്പിൽ എല്ലാവരും വോട്ടു ചെയ്യും. എന്നാൽ ഞങ്ങൾ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിക്കില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹമാസ്, ഗാസ എന്നൊക്കെ പറഞ്ഞിരുന്ന പിണറായി വിജയൻ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇതൊന്നും മിണ്ടിയില്ല. പകരം പാണക്കാട് തങ്ങൾ, എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നൊക്കെയാണ് പറഞ്ഞത്. തങ്ങള്‍ക്ക് എസ്ഡിപിഐയുടെയും ജമാ അത്ത് ഇസ്‍ലാമിയുടെയുമൊക്കെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് പിണറായി വിജയൻ പ്രസംഗിച്ചിട്ടുമുണ്ട്. എന്നിട്ട് ഇപ്പോൾ ഓന്ത് നിറം മാറുന്നതു പോലെ നിറം മാറുകയാണ്. ഇവർ എന്തു കമ്യൂണിസ്റ്റ് പാർട്ടി ആണെന്നാണ് പറയുന്നത്? വർഗീയത ആളിക്കത്തിക്കാൻ വേണ്ടി സംഘപരിവാർ പോലും നാണംകെടുന്ന രീതിയിൽ 2 മുസ്‍ലീം പത്രങ്ങളിൽ പരസ്യം കൊടുത്തവരാണ് സിപിഎമ്മുകാർ.’’– സതീശൻ പറഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ചില അവകാശവാദങ്ങള്‍ പൊള്ളയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ‘‘50,000 വോട്ടുണ്ടായിരുന്ന സിപിഎമ്മിന്റെ വോട്ട് 32,000 ആയി കുറഞ്ഞു. സിപിഎമ്മും ബിെജപിയും തമ്മിലുള്ള വോട്ട് വ്യത്യാസം കുറഞ്ഞു എന്ന പരിഹാസ്യമായ കാര്യമാണ് മുഖ്യമന്ത്രി പറയുന്നത്. ബിജെപിയുടെ വോട്ട് കുത്തനെ കുറയുകയാണ് ചെയ്തത്. പാലക്കാട് ബിജെപിയുടെ വോട്ട് കുറഞ്ഞതിൽ ഏറ്റവും സങ്കടപ്പടുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എസ്ഡിപിഐയുടെ വോട്ട് കിട്ടിയാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ബിെജപിക്ക് 11,000ത്തോളം വോട്ടുകളാണ് പാലക്കാട് കുറഞ്ഞു. കഴിഞ്ഞ തവണ ഇ.ശ്രീധരന് പോയ വോട്ടുകൾ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് തിരികെ കിട്ടി. അത് വെൽഫെയർ പാർട്ടിയുടേയും എസ്ഡിപിഐയുടെയും അല്ലല്ലോ’’– സതീശൻ പറഞ്ഞു.

ചേലക്കരയിലെ തോൽവിയിൽ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് സതീശൻ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടയാളെ മുൻപും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിട്ടുണ്ട്. അത് പാർട്ടി കൂട്ടായി എടുക്കുന്ന തീരുമാനമാണ്. അടുത്ത തവണ ചേലക്കരയിൽ യുഡിഎഫ് ജയിക്കുമെന്നും സതീശൻ പറഞ്ഞു.

English Summary:

Kerala Byelection Result: VD Satheesan's Reply to CM Pinarayi Vijayan and K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com