സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓർക്കിഡ് പൂക്കളും ഇലകളും വേണ്ട: നിർദേശം നൽകി ഹൈക്കോടതി
Mail This Article
കൊച്ചി ∙ ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓർക്കിഡ് പൂക്കളും ഇലകളും വേണ്ടെന്ന് ഹൈക്കോടതി. പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഓരോ ദിവസവും പുഷ്പങ്ങൾ മാറ്റണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, മുരളീ കൃഷ്ണ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകി. കോടതി നോട്ടിസിനെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡും ശബരിമല സ്പെഷൽ കമ്മിഷണറും കോടതിയെ അറിയിച്ചു.
ശബരിമലയിൽ വിതരണം ചെയ്യുന്ന ഉണ്ണിയപ്പത്തിലും അരവണയിലും നിശ്ചിത അളവിൽ മാത്രമേ ഈർപ്പമുള്ളൂ എന്ന് ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേർത്തു. ഭക്തർ ഉടയ്ക്കുന്ന നാളികേരം കൊപ്രാക്കളം തൊഴിലാളികൾ അനധികൃതമായി ശേഖരിക്കുന്നത് കർശനമായി തടയണമെന്നും കോടതി നിർദേശിച്ചു. ത്രിവേണി മുതൽ ഹിൽടോപ്പുവരെ 25 കെഎസ്ആർടിസി ബസുകൾ ഒരേസമയം പാർക്കുചെയ്യുന്നത് ചെറുവാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇക്കാര്യത്തിൽ വിശദീകരണത്തിന് കെഎസ്ആർടിസി സമയം തേടി. പത്തിലധികം കെഎസ്ആർടിസി ബസുകൾ ഇവിടെ ഒരേസമയം പാർക്ക് ചെയ്യുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചു. കാറുകളും മറ്റും 24 മണിക്കൂറിലധികം പാർക്കിങ്ങിൽ തുടരാൻ അനുവദിക്കരുതെന്നും നിർദേശിച്ച കോടതി, അനുമതി രണ്ടാഴ്ചക്കൂടി നീട്ടി.
പഴകിയ വനസ്പതി സൂക്ഷിച്ച പാണ്ടിത്താവളത്തെ അന്നപൂർണ ഹോട്ടലിന് 5,000 രൂപയും കാലാവധി കഴിഞ്ഞ 40 പായ്ക്കറ്റ് ഗരംമസാല സൂക്ഷിച്ച ശ്രീഹരി ഹോട്ടലിന് 10,000 രൂപയും ഡ്യൂട്ടി മജിസ്ട്രേട്ട് പിഴയിട്ടതായി അധികൃതർ കോടതിയെ അറിയിച്ചു. പമ്പയിലും സന്നിധാനത്തുമായുള്ള കെട്ടിടങ്ങൾ ശുചിയാക്കി സ്വന്തം ചെലവിൽ പെയിന്റടിച്ച് നൽകാമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമലയിലെ ചുക്കുവെള്ളപ്പുരയ്ക്ക് സമീപം മരക്കൊമ്പ് വീണ് പരുക്കേറ്റ കർണാടക സ്വദേശിയായ തീർഥാടകൻ സഞ്ജുവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഹൈക്കോടതി കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടി. സഞ്ജു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. പെരിയാർ ഡിവിഷൻ ഫോറസ്റ്റ് ഡപ്യൂട്ടി ഡയറക്ടറോടും റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.