ADVERTISEMENT

തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ നാളെ എറണാകുളത്ത് നേതൃയോഗം ചേരാനിരിക്കെ നേതൃമാറ്റം സംബന്ധിച്ച് ബിജെപിയിൽ ചർച്ചകൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മാറുമെന്ന തരത്തിലാണ് പാർട്ടിയിൽ ഒരു വിഭാഗം ചർച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പാർട്ടിയെ നയിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ആരോപണങ്ങൾക്ക് യോഗത്തിൽ കൃത്യമായ മറുപടി നൽകാനുള്ള തയാറെടുപ്പിലാണവർ.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കെ.സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായും കേന്ദ്രം അതു തള്ളിയതായും അഭ്യൂഹങ്ങൾ പ്രചരിച്ചു. രാജി വാർത്തകൾ സുരേന്ദ്രനോടൊപ്പമുള്ള നേതാക്കൾ തള്ളി. പാലക്കാട്ടെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന വി.മുരളീധരന്റെ പ്രസ്താവനയും സുരേന്ദ്രൻ പാർട്ടിയിൽ ഒറ്റപ്പെടുകയാണെന്ന പ്രചാരണത്തിന് ശക്തി പകർന്നു. വി.മുരളീധരനോട് ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് സുരേന്ദൻ. നാളെ നേതൃയോഗം നടക്കാനിരിക്കെ ഇന്ന് 12 മണിക്ക് സുരേന്ദ്രൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സ്വന്തം നിലപാട് അദ്ദേഹം വിശദീകരിക്കും.

നാളെ നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം ഉന്നയിക്കാൻ ഒരു വിഭാഗം തയാറെടുക്കുകയാണ്. സ്ഥാനാർഥി നിർണയവും പ്രചാരണവും ഏകപക്ഷീയമായി നടത്തിയ സുരേന്ദ്രനാണ് പരാജയത്തിന് കാരണമെന്നാണ് ചില നേതാക്കൾ പറയുന്നത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ യോഗം ചർച്ച ചെയ്യും. പാലക്കാട് നഗരസഭയുടെ പ്രവർത്തന രീതി വോട്ടു ചോർച്ചയ്ക്ക് ഇടയാക്കിയെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. നേതാക്കൾക്കിടയിലെ വിഭാഗീയതയും, സന്ദീപ് വാരിയർ പാർട്ടി വിട്ടതിൽ അണികൾക്കിടയിലുണ്ടായ ആശയക്കുഴപ്പവും, ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതുമെല്ലാം വോട്ടു ചോർച്ചയ്ക്കിടയാക്കിയെന്നാണ് നിഗമനങ്ങൾ.

English Summary:

Palakkad By-Election Fallout - K. Surendran Reportedly Offers Resignation, Leaders Call it Rumor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com