അദാനി വിഷയം ചർച്ച ചെയ്തില്ല ; പാർലമെന്റ് പ്രക്ഷുബ്ധം, ഭരണഘടനാ ദിനത്തിൽ പ്രസംഗിക്കാൻ രാഹുലിന് ക്ഷണമില്ല
Mail This Article
ന്യൂഡൽഹി∙ ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടുവിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന് ഇരുസഭകളും പിരിഞ്ഞു. ബുധനാഴ്ച ഇരുസഭകളും വീണ്ടും ചേരും. ചൊവ്വാഴ്ച ഭരണഘടനാ ദിനമായതിനാൽ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനമായിരിക്കും നടക്കുക. ചടങ്ങിലെ പ്രാസംഗികരുടെ പട്ടികയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേര് ഇല്ലാത്തതും പ്രതിപക്ഷ വിമർശനത്തിന് കാരണമായിട്ടുണ്ട്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സഭാംഗങ്ങൾക്ക് ആശംസകൾ നേർന്നും അന്തരിച്ച സഭാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചുമാണ് ഇരുസഭകളും ആരംഭിച്ചത്. എന്നാൽ ആദരാഞ്ജലി അർപ്പിച്ചതിന് തൊട്ടുപിന്നാലെ ലോക്‌സഭയിലെ അംഗങ്ങൾ അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം തുടങ്ങുകയും തുടർന്ന് സഭ 12 മണിവരെ നിർത്തിവയ്ക്കുകയുമായിരുന്നു. പിന്നീട് പന്ത്രണ്ടുമണിയോടെ സഭ വീണ്ടും ചേർന്നെങ്കിലും സംഭാലിലെ സംഘർഷ വിഷയം പ്രതിപക്ഷം ഉയർത്തി. അദാനിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.
ഡിസംബർ 20 വരെയാണ് സമ്മേളനം. നിരവധി കാരണങ്ങളാൽ പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ പാർലമെന്റ് ശീതകാല സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമ്മേളനത്തിനു മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രതിപക്ഷത്തെയും മോദി പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ജനം തള്ളിയ ചിലർ സഭയെ അസ്വസ്ഥമാക്കാൻ ശ്രമിക്കുകയാണ്. ഇത്തരം പാർട്ടികൾക്ക് അധികാരത്തോട് ആർത്തിയാണ്. ജനങ്ങൾ ഇത്തരക്കാരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"2024 അവസാനിക്കാൻ പോവുകയാണ്. രാജ്യം 2025 ലേക്ക് തയ്യാറെടുക്കുന്നു. പല കാര്യങ്ങളിലും ഈ പാർലമെന്റ് സമ്മേളനം പ്രത്യേകതയുള്ളതാണ്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ തുടക്കമാണ്. നാളെ, പാർലമെന്റിൽ, നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം എല്ലാവരും ആഘോഷിക്കും." പ്രധാനമന്ത്രി പറഞ്ഞു.