‘ജനാധിപത്യത്തിന്റെ അടിസ്ഥാന ശില’: ഭരണഘടനാ വാർഷികാഘോഷത്തിന് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യുവന്റ് ഹാളിൽ (സെൻട്രൽ ഹാൾ) രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനത്തിനിടെ ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാർലമെന്റംഗങ്ങൾക്ക് വായിച്ചു കൊടുത്തു. പാർലമെന്റംഗങ്ങൾ വാചകങ്ങൾ ഏറ്റുചൊല്ലി.
രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്ന് രാഷ്ട്രപതി വിശേഷിപ്പിച്ചു. ‘‘75 വർഷങ്ങൾക്ക് മുൻപ് ഭരണഘടന രാജ്യത്തിന് സമർപ്പിച്ചു. നിയമനിർമാണ സഭയിൽ പങ്കെടുത്ത അംഗങ്ങളെ അനുസ്മരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ നമ്മൾ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഇപ്പോൾ ഭരണഘടനയുടെ 75–ാം വാർഷികവും ആഘോഷിക്കുന്നു. രാജ്യം നടത്തിയ മുന്നേറ്റങ്ങൾക്ക് പിന്നിൽ ഭരണഘടനയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ഭരണഘടനയാണ്. ഭരണഘടന വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു.’’ – രാഷ്ട്രപതി പറഞ്ഞു.
വേദിയിൽ രാഷ്ട്രപതിക്കൊപ്പം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി. നഡ്ഡ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും ഉണ്ടായിരുന്നു.
ഭരണഘടനയുടെ 75–ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക നാണയത്തിന്റെ പ്രകാശനവും പ്രത്യേക സ്റ്റാംപിന്റെ പ്രകാശനവും രാഷ്ട്രപതി നിർവഹിച്ചു. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്.
ഒരു വർഷത്തെ ആഘോഷ പരിപാടികൾക്കാണ് രാജ്യത്ത് ഇന്നു തുടക്കമായത്. ‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിലാണ് കേന്ദ്ര സർക്കാർ ആഘോഷ പരിപാടികൾ. വൈകിട്ട് 5ന് സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടന ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.