ADVERTISEMENT

വാഷിങ്ടൻ∙ ചിപ്പ് ഡിസൈനുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ രഹസ്യ വിവരങ്ങൾ മോഷ്ടിക്കുകയും ഓൺലൈനിൽ ചോർത്തുകയും ചെയ്തുവെന്ന് ആരോപിച്ചു മുൻ ജീവനക്കാരനെതിരെ ഗൂഗിൾ കേസ് ഫയൽ ചെയ്തു. 2020 മുതൽ 2024 വരെ ഗൂഗിളിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന ഹർഷിത് റോയിക്കെതിരെയാണ് ടെക്സാസ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ എക്സ്, ലിങ്ക്ഡ്ഇൻ എന്നിവയിൽ ഗൂഗിൾ പിക്സൽ ഉപകരണങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ രേഖകൾ പങ്കിട്ടുവെന്നാണ് ആരോപണം. സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും റോയിയെ ഉടമസ്ഥാവകാശ വിവരങ്ങൾ ഉപയോഗിക്കുന്നതിൽനിന്നു തടയണമെന്നുമാണ് ഗൂഗിൾ ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യാത്മക വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽനിന്ന് ഹർഷിത് റോയിയെ കോടതി തടഞ്ഞു. 

2024 ഫെബ്രുവരിയിൽ രാജിവയ്ക്കുന്നതിനു മുൻപ് പിക്സൽ പ്രോസസിങ് ചിപ്പുകളുടെ പ്രത്യേതകൾ ഉൾപ്പെടെയുള്ള ഗൂഗിൾ ഡോക്യുമെന്റുകളുടെ ഫോട്ടോകൾ റോയ് എടുത്തിരുന്നുവെന്ന് ഗൂഗിളിന്റെ പരാതിയിൽ പറയുന്നു. ടെക്‌സസ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം നേടുന്നതിനായി ആ വർഷം അവസാനം അദ്ദേഹം ബെംഗളൂരുവിൽനിന്ന് ടെക്‌സസിലെ ഓസ്റ്റിനിലേക്കു മാറുകയായിരുന്നു.

രഹസ്യസ്വഭാവമുള്ള ഉടമ്പടിയുടെ നിബന്ധനകൾ ലംഘിച്ച് കോഡുകൾ സഹിതം റോയ് പോസ്റ്റ് ചെയ്തതായി ഗൂഗിൾ ആരോപിക്കുന്നു. വ്യാപാര രഹസ്യങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പോസ്റ്റുകൾക്കൊപ്പം, ‘ഞാൻ ഒരു രഹസ്യ ഉടമ്പടിയും പാലിക്കുമെന്നു പ്രതീക്ഷിക്കരുത്. എനിക്ക് അർഹതയുള്ളതു ലഭിക്കാൻ ഞാൻ അധാർമിക മാർഗങ്ങൾ സ്വീകരിക്കും’ തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകളും റോയ് പോസ്റ്റ് ചെയ്തിരുന്നു.

ഒന്നിലധികം തവണ പോസ്റ്റുകൾ‌ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും റോയ് ചെവിക്കൊണ്ടില്ലെന്നും ആപ്പിളും ക്വാൽകോമും പോലുള്ള എതിരാളികളെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ പങ്കിടുന്നത് തുടർന്നുവെന്നും ഗൂഗിൾ പറഞ്ഞു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് നിരവധി മാധ്യമങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായും വിവരമുണ്ട്. 

‘‘ഈ മുൻ ജീവനക്കാരൻ നിരവധി രേഖകൾ മോഷ്ടിച്ചതായി ഞങ്ങൾ കണ്ടെത്തി. രഹസ്യാത്മക കമ്പനി വിവരങ്ങൾ ആവർത്തിച്ച് അനധികൃതമായി വെളിപ്പെടുത്തിയതിനു ഞങ്ങൾ നിയമനടപടി സ്വീകരിക്കുകയാണ്. ഈ പെരുമാറ്റം ഞങ്ങൾ സഹിക്കില്ല’’ – ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ വാർത്താ ഏജൻസിയോടു പറഞ്ഞു.

English Summary:

Google Lawsuit Against Former Employee : Google Sues Ex-Engineer for Allegedly Leaking Confidential Chip Designs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com