ADVERTISEMENT

ജറുസലം ∙ ലബനനിൽ വെടിനിർത്തലിലേക്കു നീങ്ങുകയാണെന്ന് ഇസ്രയേൽ സർക്കാർ വക്താവ് അറിയിച്ചു. വിഷയത്തിൽ ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം ചേരും. ചില തടസ്സങ്ങൾ കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസത്തിനകം വെടിനിർത്തൽ ധാരണയുണ്ടാവുമെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ മൈക്കിൾ ഹെർസോഗ് പറഞ്ഞു. ലബനനും ഇസ്രയേലും വെടിനിർത്തലിനു ധാരണയായെന്നു യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയില്ല.

യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു. വെടിനിർത്തൽ ശുപാർശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനൻ സർക്കാർ വ്യക്തമാക്കി. ലബനൻ വെടിനിർത്തൽ കരാർ റദ്ദാക്കണമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാമന്ത്രിയുമായ ഇറ്റമാർ ബെൻ ഗിവർ ആവശ്യപ്പെട്ടു. കരാർ റദ്ദാക്കാൻ ഇനിയും വൈകിയിട്ടില്ലെന്നും സമ്പൂർണ വിജയംവരെ യുദ്ധം തുടരണമെന്നും ബെൻ ഗിവർ പറഞ്ഞു.

ലബനനിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറാനും ലബനൻ–ഇസ്രയേൽ അതിർത്തിയിൽ 2006ലെ യുഎൻ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനസേനയുടെ കാവൽ തുടരാനുമാണു യുഎസ് നിർദേശം. എന്നാൽ, സുരക്ഷാപ്രശ്നമുണ്ടായാൽ ലബനനിൽ എവിടെയും കടന്ന് ഹിസ്ബുല്ലയെ ആക്രമിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.

English Summary:

Israel and Lebanon ceasefire : Israel and Lebanon inch closer to a ceasefire with US mediation. Will the Israeli cabinet approve the deal despite opposition?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com