ഏക്നാഥ് ഷിൻഡെ രാജിവച്ചു; മഹാരാഷ്ട്രയിൽ പുതിയ സർക്കാർ ഇന്നുതന്നെ
Mail This Article
മുംബൈ∙ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാരെന്ന സസ്പെൻസ് ഒളിപ്പിച്ചുവച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവച്ചു. 14-ാം നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. വൻ വിജയം നേടിയ മഹായുതി സഖ്യത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ഇന്ന് അധികാരമേറ്റെടുക്കും. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 132 അംഗങ്ങളുണ്ട്. ഷിൻഡെ വിഭാഗത്തിന് 57, അജിത് പവാർ വിഭാഗത്തിന് 41 സീറ്റുമുണ്ട്. 145 എന്ന കേവല ഭൂരിപക്ഷനില കടക്കാൻ ഏതെങ്കിലുമൊരു കക്ഷിയുടെ പിന്തുണ മാത്രമേ ബിജെപിക്ക് വേണ്ടിവരൂ.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കസേര ഉറപ്പിച്ചിരിക്കെ, നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ പിണക്കാതെയുള്ള ഫോർമുലയ്ക്കായാണു തീരുമാനം നീളുന്നത്. സഖ്യകക്ഷി നേതാവായ അജിത് പവാറിന്റെയും (എൻസിപി) ആർഎസ്എസിന്റെയും പിന്തുണ ഫഡ്നാവിസിനാണ്. ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും. മുഖ്യമന്ത്രിപദത്തിനായും സാധ്യമായില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കായും ഷിൻഡെ സമ്മർദം തുടരുകയാണ്.